തൂതപ്പുഴയില്‍ അനധികൃത കൈയേറ്റവും മണലെടുപ്പും കണ്ടെത്തി

main-news
ചെര്‍പ്പുളശ്ശേരി:  തൂത പുഴയില്‍ അനധികൃത കൈയേറ്റവും മണലെടുപ്പും കണ്ടെത്തി. മലപ്പുറം ജില്ലയുടെ ഭാഗത്ത് പുഴയില്‍നിന്നാണ് മണലെടുത്ത് കൂട്ടിയിട്ടതായി കണ്ടെത്തിയത്. തൂത വാട്‌സ് ആപ് കൂട്ടായ്മയും, മാധ്യമപ്രവര്‍ത്തകര്‍ പി മുരളീമോഹന്‍, സി ഹംസ എന്നിവരുടെ നേതൃത്വത്തിലും നടത്തിയ അന്വേഷണത്തിലാണ് കൈയേറ്റവും മണലെടുപ്പും കണ്ടെത്തിയത്. കാളികടവ് ഭാഗത്താണ് അനധികൃതമായി വളച്ചുകെട്ടി പുഴയോരം കൈയേറിയിരിക്കുന്നത്. പുഴയുടെ അക്കരെ ആലിപ്പറമ്പ് പഞ്ചായത്തിലെ കുടിവെള്ള ടാങ്കിനടുത്ത ഭാഗത്താണ് കടത്തിക്കൊണ്ടു പോകാനായി മണല്‍ കൂട്ടിയിട്ടത്. താന്‍ ഇക്കാര്യം റവന്യു അധികൃതരുടെയും പോലീസിന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നും എന്നിട്ടും നടപടിയില്ലെങ്കില്‍ ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നും മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ സി ഹംസ അറിയിച്ചു.
  ഞായറാഴ്ച കൂട്ടായ്മ പ്രവര്‍ത്തകര്‍ തൂതപുഴയിലിറങ്ങി പുഴ ശുചിയാക്കല്‍ പ്രവൃത്തി തുടങ്ങി. ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ പ്രിന്‍സിപ്പാള്‍ ഡയസ് മാത്യുവിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിലെത്തി. അടക്കപുത്തൂര്‍ ശബരി പി ടി ബി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാലിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിലെത്തി പുഴയിലിറങ്ങി ശുചിയാക്കല്‍ പ്രവൃത്തിയില്‍ മുഴുകി. വന്‍ പിന്തുണയാണ് തൂത വാട്‌സ് ആപ് കൂട്ടായ്മക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്നത്. പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചക്കുശേഷം മൂന്നിന് കാറല്‍മണ്ണ കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് ഹാളില്‍ യോഗം ചേര്‍ന്ന് ഭാവിയില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തും.

RELATED NEWS

Leave a Reply