ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

main-news

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പൊലീസ്, മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള സിനിമാ മേഖലയിലെ ഒരു സംഘം ഗൂഢാലോചന നടത്തിയാണ് തന്നെ കുടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ.

ആദ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് തന്നെയാണ് ഇന്നും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. നടി അക്രമത്തിനിരയായ ശേഷം നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗമാണ് ദിലീപ് കേസില്‍ പങ്കാളിയാണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കാന്‍ കാരണം. അപ്പുണ്ണി, പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്തതിനാല്‍ റിമാന്‍ഡ് തുടരുന്നത് അനാവശ്യമാണ്. ജയിലിലായതിനാല്‍ 50 കോടി രൂപയുടെ സിനിമ പദ്ധതികള്‍ താളം തെറ്റിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയെങ്കിലും ഇത് പകര്‍ത്തിയ ഫോണോ മെമ്മറി കാര്‍ഡോ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. മറ്റ് ഫോണുകളിലേക്ക് കോപ്പി ചെയ്ത ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചത്. ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമുള്ള വാദമാകും പൊലീസ് കോടതിയില്‍ ഉന്നയിക്കുക. പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് വാട്‌സ് ആപ് വഴി ഡിജിപിക്ക് കൈമാറിയിരുന്നുവെന്ന ദിലീപിന്റെ ആരോപണം സംബന്ധിച്ചുള്ള മറുപടിയും പൊലീസ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

RELATED NEWS

Leave a Reply