നടിയെ ആക്രമിച്ച സംഭവം ;ദിലീപിന്റെ പേര് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് ലാൽ

main-news

എറണാകുളം : കൊച്ചിയില്‍ സിനിമ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി നല്ലവനായിരുന്നുവെന്ന് നടനും, സംവിധായകനുമായ ലാല്‍. ലാല്‍ ക്രിയേഷന്‍ നിര്‍മ്മിക്കുന്ന ഹണീ ബി 2വിന്റെ സൈറ്റില്‍ ചുരുങ്ങിയ കാലം കൊണ്ട് സുനി നല്ല പേരുണ്ടാക്കിയിരുന്നുവെന്നും ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുനി ഇത്തരം ഒരു സ്വഭാവത്തിനുടമയാണെന്ന് തിരിച്ചറിയാന്‍ തനിക്ക് ദിവ്യ ദൃഷ്ടിയില്ലെന്നും ലാല്‍ പറഞ്ഞു. അത്തരത്തിലായിരുന്നു സെറ്റില്‍ സുനിയുടെ പെരുമാറ്റം. പുതിയ ചിത്രത്തില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു കല്ല്യാണ സീക്വന്‍സിന്‍സ് ഉണ്ടായിരുന്നു. ഇതിനായി ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പുറത്തുനിന്ന് വിളിക്കേണ്ടിവന്ന വാഹനത്തിന്റെ ഡ്രൈവറായി വന്നയാളാണ് ഡ്രൈവര്‍ സുനി.

സെറ്റില്‍ സുനിയുടെ പെരുമാറ്റം മാന്യമായിരുന്നു. കൃത്യമായി ജോലി ചെയ്യുകയും ആവശ്യത്തിന് മാത്രം സംസാരിക്കുകയും ചെയ്തിരുന്ന അയാള്‍ സെറ്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണി ബി 2 ന്റെ ചിത്രീകരണത്തിന് ഗോവയില്‍ പോയപ്പോള്‍ അയാളും അവിടെയുണ്ടായിരുന്നു. എന്നാല്‍ അന്ന് നന്നായിട്ടാണ് പെരുമാറിയത്. അതുകൊണ്ട് ഞങ്ങള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.

സംഭവം ദിവസം നടി സുഹൃത്തിന്റെ വീട്ടില്‍ പോകാനാണ് വണ്ടി ആവശ്യപ്പെട്ടതെന്നും ലാല്‍ പറഞ്ഞു. അവര്‍ ആവശ്യപ്പെട്ടിട്ടാണ് തൃശൂരിലേക്ക് വാഹനം അയച്ചത്. നടി രമ്യാ നമ്പീശന്റെ വീട്ടില്‍ താമസിക്കാന്‍ വരുമ്പോഴാണ് നടിക്കു നേരെ ആക്രമണമുണ്ടായത്. നാലു ദിവസം അവിടെ താമസിക്കാന്‍ വന്നതാണ്. അല്ലാതെ ഷൂട്ടിങ്ങിനായി വരുകയായിരുന്നില്ലെന്നും ലാല്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ ഹണി ബീ 2വിന്റെ ലൊക്കേഷനില്‍ ലഹരിയുടെ ഉപയോഗമില്ലെന്നും ലാല്‍ പ്രതികരിച്ചു. ഏതു സൈറ്റിലാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം. കഞ്ചാവ് അടിച്ച് സിനിമയുണ്ടാക്കിയാല്‍ വിജയിക്കില്ല. ന്യൂജനറേഷന്‍ സിനിമയെന്നു പറഞ്ഞ് കളിയാക്കുന്നത് ചിലയാളുകളുടെ നിരാശമൂലമാണ്. ഇത്തരം സിനികള്‍ വിജയിക്കുന്നതു കാണുമ്പോള്‍ ചിലര്‍ക്ക് നിരാശയുണ്ടാകുമെന്നും ലാല്‍ വ്യക്തമാക്കി.

സംഭവത്തില്‍ സിനിമ മേഖലയിലുള്ളവരെ ക്രൂശിക്കുന്നത് ശരിയല്ലെന്നും ലാല്‍ പറഞ്ഞു. സംഭവ ദിവസം നടിയെ സഹായിക്കാനാണ് ആന്റോ ജോസഫ് വന്നത്. എന്നാല്‍ ആന്റോ ജോസഫിനെതിരെ അപവാദപ്രചരണങ്ങളാണുണ്ടായതെന്നും ലാല്‍ കുറ്റപ്പെടുത്തി. ദിലീപിനും സമാന അവസ്ഥയാണ്. വല്ലാത്തൊരു അവസ്ഥയിലാണ് ദിലീപ്. ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും ഇക്കാര്യം വ്യക്തമാണ്.

നടിയ്‌ക്കെതിരായ ആക്രമണത്തില്‍ ദിലീപിന്റെ പേര് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. പള്‍സര്‍ സുനിയെ പോലീസ് പിടികൂടിയത് വലിയ കാര്യമാണെന്നും ലാല്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസം ആദ്യമെത്തിയത് ലാലിന്റെ വീട്ടിലേയ്ക്കായിരുന്നു. പിന്നീട് പോലീസെത്തിയതും ഇങ്ങോട്ടേയ്ക്കായിരുന്നു.

 

RELATED NEWS

Leave a Reply