നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മലപ്പുറം കലക്ടര്‍- പരിശീലനത്തില്‍ ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും നിര്‍ദേശം

main-news, Malappuram, scrolling_news

മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് എല്ലാ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. സോഷല്‍ മീഡിയയിലൂടെയുള്ള പ്രചാരണം, മറ്റ് രാഷ്ട്രീയ കക്ഷികളെ വ്യക്തിഹത്യ ചെയ്യല്‍ എന്നിവ കര്‍ശനമായി നിരീക്ഷിക്കും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ സിവില്‍ സ്റ്റേഷനകത്ത് രാഷ്ട്രീയ ജാഥകളും മുദ്രാവാക്യങ്ങളും അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും നിഷ്പക്ഷമായും നടത്തുന്നതിന് എല്ലാ ജീവനക്കാരും സന്നദ്ധരാവണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മുതല്‍ ഫസ്റ്റ്-സെക്കന്‍ഡ്-തേഡ് പോളിങ് ഓഫീസര്‍ വരെ എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കുന്നതില്‍ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ പരിശീലനക്ലാസുകളിലും റിഹേഴ്സലുകളിലും എല്ലാ ജീവനക്കാരും കൃത്യ സമയത്ത് പങ്കെടുക്കണം. ഇ.വി.എം. കള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയാല്‍ ഉടന്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും പിന്നീട് സര്‍വീസ് സംഘടനകള്‍ ഇത്തരം ജീവനക്കാര്‍ക്ക് അനുകൂലമായി ഇടപെടല്‍ നടത്തരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഓരോ ഓഫീസുകളില്‍ നിന്നും ലഭ്യമാക്കിയ ഇലക്ഷന്‍ ഡ്യൂട്ടി ചാര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഓഫീസ് മേധാവിയുടെ ‘റിമാര്‍ക്ക്സ്’ കോളത്തിലുള്ള രേഖപ്പെടുത്തല്‍ പരിഗണിച്ച് അര്‍ഹരായവരെയാണ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക.
പോളിങ് ബൂത്തുകളില്‍ കുടിവെള്ളം, വൈദ്യുതി, ശൗചാലയം, റാംപ്, വീല്‍ ചെയര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഒന്‍പതിന് ശേഷം പോകുന്നവര്‍ക്ക് യാത്രാസൗകര്യമൊരുക്കണമെന്നും പോസ്റ്റിങ് ഓര്‍ഡറിനൊപ്പം തന്നെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷയും നല്‍കണമെന്നുമുള്ള സര്‍വീസ് സംഘടനാ പ്രതിനിധികളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സജന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply