പ്രമേഹത്തെ ചെറുക്കേണ്ടത്പ്രതിരോധത്തിലൂന്നിയ ചികിത്സാരീതിയിലൂടെ –സി.എഫ്.ഡി

Calicut, Life Style, Local News, main-news, Malappuram, Palakkad, scrolling_news

 

കോഴിക്കോട്: പ്രമേഹത്തെ ചെറുക്കാന്‍ വേണ്ടത് രോഗപ്രതിരോധത്തിലൂന്നിയ ചികിത്സാരീതിയാണെന്ന് പ്രമേഹ ചികിത്സകരുടെ സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്ത് പ്രമേഹരോഗികള്‍ അനുദിനം വര്‍ധിക്കുകയാണ്. മലയാളികളുടെ ജീവിതശൈലി അപകടമാംവിധം മാറുകയാണ്. അനാരോഗ്യകരമായ ഭക്ഷണശൈലി മലബാറില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗം വന്നു ചികിത്സിക്കുന്നതിനിപ്പുറം രോഗത്തെ പ്രതിരോധിക്കാന്‍ നമുക്കു സാധിക്കണം. ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമെന്ന സ്ഥാനം കളഞ്ഞ് പ്രമേഹരോഗത്തെ പ്രതിരോധിക്കുന്നതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമായി മാറാന്‍ ഇന്ത്യക്കു കഴിയണം. സമ്മേളനം മുന്നറിയിപ്പു നല്‍കി.
കാലിക്കറ്റ് ഫോറം ഫോര്‍ ഡയബെറ്റിസ് ആണ് പ്രമേഹചികിത്സാരംഗത്തെ ഈ തുടര്‍വിദ്യാസ പരിപാടി ‘ഡയബെറ്റിസ് അപ്ഡേറ്റ് 2016’ സംഘടിപ്പിച്ചത്. സമ്മേളനം മുതിര്‍ന്ന പ്രമേഹരോഗ ചികിത്സകരും സി.എഫ്.ഡി സ്ഥാപക ഭാരവാഹികളുമായ പ്രൊഫ. പി.സി. ഈശോ, പ്രൊഫ. പി. അബ്ദുല്‍മജീദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. ആര്‍. ചാന്ദ്നി, ഡോ. മാത്യു ജോണ്‍, ഡോ. ജ്യോതിഷ് ചാലില്‍ ഗോപിനാഥ്, ഡോ. ആഷിഷ് കുമാര്‍, ഡോ. ടി. ഗോവിന്ദനുണ്ണി, ഡോ. മോഹന്‍ ലെസ്ലി നൂണ്‍, ഡോ. ബിനോയ് ജെ. പോള്‍, ഡോ. പി. സുനില്‍ പ്രശോഭ്, ഡോ. ബവിന്‍ ബാലകൃഷ്ണന്‍, ഡോ. എസ്. സുധീന്ദ്രന്‍, ഡോ. നീരജ് മാണിക്കാത്ത് എന്നിവര്‍ പ്രമേഹചികിത്സയിലെ നൂതനരീതികളും സംവിധാനങ്ങളും പരിചയപ്പെടുത്തി. ഡോ. എം. സുധീര്‍, ഡോ. ഗീത, ഡോ. കെ.ജി. സജീത് കുമാര്‍, ഡോ. ജയേഷ് കുമാര്‍, ഡോ. പി.വി. ഷാജി, ഡോ. മരിയ ഫെര്‍നാന്‍ഡ എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. മലബാര്‍ മേഖലയിലെ 200ലേറെ പ്രമേഹചികിത്സകരും സമ്മേളനത്തില്‍ പങ്കെടുത്തു.
ബിരുദാനന്തരബിരുദ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രമേഹം വിഷയമാക്കി നടത്തിയ ക്വിസ് മത്സരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജോ ജെയിംസ്, ഡോ. രാഹുല്‍ രാജീവ്, ഡോ. പ്രശാന്ത് വര്‍ഗീസ് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
കാലിക്കറ്റ് ഫോറം ഫോര്‍ ഡയബെറ്റിസ് പ്രസിഡണ്ട് ഡോ. എം.കെ. കൃപാല്‍ സ്വാഗതവും സെക്രട്ടറി ഡോ. എസ്.കെ. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു. സയന്‍റിഫിക് കമ്മിറ്റി സെക്രട്ടറി ഡോ. എന്‍.കെ. തുളസീധരന്‍, ട്രഷറര്‍ ഡോ. എസ്. ശശിധരന്‍, ഡോ. വി. ഉദയകുമാര്‍ ഭാസ്കരന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

RELATED NEWS

Leave a Reply