മാണി യു ഡി എഫ് വിട്ടു ..ഒറ്റയ്ക്ക് നില്ക്കാൻ തീരുമാനം

main-news

കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടു. കോണ്‍ഗ്രസ് തങ്ങളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചരല്‍ക്കുന്ന് ക്യാമ്പില്‍ മാധ്യമങ്ങളെയും, പാര്‍ട്ടി പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി ചെയര്‍മാന്‍ കെ.എം മാണിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നിയമസഭയില്‍ കേരള കോണ്‍ഗ്രസ് എം പ്രത്യേക ബ്ലോക്കായി ഇരിക്കും. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണം തുടരും. തങ്ങളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് പ്രത്യേക ഫണ്ട് തന്നെയുണ്ടെന്ന് മാണി ആരോപിച്ചു. ബാര്‍ കോഴ ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ കോണ്‍ഗ്രസ് ചതിച്ചു. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ മാത്രമാണ് തങ്ങളെ ദ്രോഹിക്കുന്നതെന്നും മാണി ആരോപിച്ചു.

ചരല്‍ക്കുന്നില്‍ നടന്ന കേരളാ കോണ്‍ഗ്രസിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു. സംസ്ഥാനത്ത് മൂന്ന് മുന്നണികളോടും സമദൂര സമീപനമായിരിക്കും ഇനി സ്വീകരിക്കുക. കേന്ദ്രത്തില്‍ ബിജെപിയോടും കോണ്‍ഗ്രസിനോടും സമദൂരം പാലിക്കും. സ്റ്റിയറിങ് കമ്മിറ്റിയില്‍ മാണി തീരുമാനം അംഗങ്ങളെ അറിയിച്ച ശേഷമായിരിക്കും മാണി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍പിക്കാന്‍ ശ്രമിച്ചു. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, ഇരിങ്ങാലക്കുട, തിരുവല്ല മണ്ഡലങ്ങളില്‍ തോല്‍പിക്കാന്‍ ശ്രമിച്ചു. സീറ്റു വിഭജനത്തിലും അവഗണനയാണ് ലഭിച്ചത്. പാലയടക്കമുള്ളിടത്തും കോണ്‍ഗ്രസ് കാലുവാരാന്‍ ശ്രമിച്ചു.ഇതെല്ലാം സഹിച്ച് മുന്നണിയില്‍ തുടരേണ്ടതില്ലെന്നും മാണി വ്യക്തമാക്കി.

യുഡിഎഫ് വിട്ടേക്കുമെന്ന സൂചന ഇന്നലെത്തന്നെ കെ.എം. മാണി നല്‍കിയിരുന്നു. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും സമദൂരമാണെന്നും പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയമായിരിക്കും ഇനി പാര്‍ട്ടിനയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി മുന്നണിയില്‍ നിലനില്‍ക്കുന്ന ബാര്‍ കോഴയടക്കമുള്ള പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കു കേരള കോണ്‍ഗ്രസിനെ എത്തിച്ചത്.

RELATED NEWS

Leave a Reply