ലോക കേരളസഭയ്ക്ക് തുടക്കമായി

main-news

തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ തുടക്കമായി. രാവിലെ 9.30നു ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭയുടെ രൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പിന്നീട് സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തി. 
പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയുടെ ഉപനേതാവ്.

അതേസമയം, സമ്മേളനത്തില്‍ സീറ്റുകള്‍ ക്രമീകരിച്ചതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും പ്രശ്നം പരിഹരിച്ചതോടെ തിരിച്ചെത്തി. വ്യവസായികള്‍ക്കും പിന്നിലായി തനിക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ച് മുനീര്‍ സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് മുന്‍നിരയില്‍ സീറ്റ് നല്‍കി പ്രശ്നം പരിഹരിച്ചു.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 2.30നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും.

RELATED NEWS

Leave a Reply