കേരളത്തിന് ഇന്ന് 61 ാം പിറന്നാള്‍

Cover Story, Kerala News, main-news

ഇന്ന്  നവംബര്‍ ഒന്ന് കേരളപ്പിറവി. മലയാള നാടിന്‍റെ ജനനം . ഭാതതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി  നവംബര്‍ ഒന്നിന് നമ്മുടെ കൊച്ചു സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 61  വര്‍ഷം തികയുന്നു.  1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്‍റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌.

വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്‍റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്. സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്‍റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍. മുന്‍പൊക്കെ ഒരു നാടിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന ചില ഓര്‍മ്മകളുണ്ട്. നാലും കൂടിയ കവല, ചായക്കട, വായന ശാലകള്‍, കാവുകള്‍, അങ്ങനെ… എന്നാല്‍ നാല്‍ക്കവലയില്‍ ചായക്കടക്ക് പകരം ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൂറ്റന്‍ ഷോപ്പിംഗ് മാളുകള്‍, വായന ശാലകള്‍ക്കു പകരം ഇന്റര്‍നെറ്റ് കഫേകളും, കാവുകള്‍ക്ക് പകരമായി വാട്ടര്‍ തീം പാര്‍ക്കുകളും ഒക്കെയായി മലയാളികള്‍ തന്നെ മലയാളിത്തത്തെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തികൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ പരസ്പര ബന്ധങ്ങള്‍ക്ക് പണ്ടുണ്ടായിരുന്ന വിശുദ്ധിയും,നൈര്‍മ്മല്ല്യവും കൈമോശം വന്നിരിക്കുന്നു. കാലത്തിന്‍റെ കുത്തൊഴുക്കില്‍ സ്വയം ഒഴുകിപ്പോയവയും, നാം ഒഴുക്കിവിട്ടതുമായ നമ്മുടെ പൈതൃകവും, സവിശേഷതയും, സംസ്‌കാരവും, നന്മയുമെല്ലാം വരും തലമുറകള്‍ക്ക് അന്യമായി പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ട അവസ്ഥയാണ് നമ്മള്‍ക്കെല്ലാവര്‍ക്കും . എന്നാലും ഏതവസ്ഥയിലും മറ്റുള്ളവരെ തന്നിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന എന്തോ ഒന്ന് കേരളത്തിനുണ്ട്. അതുകൊണ്ടായിരിയ്ക്കാം കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കുന്നത്.

RELATED NEWS

Leave a Reply