നോട്ട് നിരോധനം ദുരന്തമെന്ന് രാഹുല്‍ ഗാന്ധി; രാജ്യ വികാരം മനസിലാക്കാന്‍ മോദിക്ക് കഴിഞ്ഞില്ല

Cover Story, main-news, National News

ന്യൂഡല്‍ഹി: നോട്ട് നിരോധനം ദുരന്തമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വികാരം മനസിലാക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനം നടപ്പിലാക്കിയ നവംബര്‍ 8ന് ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കുകയാണ്. ഇത്ര ആഘോഷമാക്കാന്‍ എന്താണുള്ളതെന്ന് മനസിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍.

രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന്റെ വികാരങ്ങളെന്തെന്നു മനസിലാക്കാന്‍ പ്രധാനമന്ത്രിക്കു കഴിയുന്നില്ല. പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ചും അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല. സത്യം അംഗീകരിക്കാന്‍ ഇപ്പോഴും തയാറല്ല. ജിഎസ്ടി നല്ലൊരു പദ്ധതിയായിരുന്നു. എന്നാല്‍ ധൃതിയില്‍ നടപ്പാക്കി അതിന്റെ മൂല്യമില്ലാതാക്കിയെന്നും രാഹുല്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാനാണു കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. അന്നു നടത്തേണ്ട പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ പദം ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. എഐസിസി യോഗത്തിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.

ഒക്ടോബര്‍ 25 നകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഈ മാസമാദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എഐസിസി രൂപീകരിച്ച ശേഷമായിരിക്കും പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ അദ്ധ്യക്ഷനാക്കണമെന്ന് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഉടന്‍ സ്ഥാനമേല്‍ക്കുമെന്ന് യുവനേതാവ് സച്ചിന്‍ പൈലറ്റും വ്യക്തമാക്കിയിരുന്നു. രാഹുല്‍ മുന്നില്‍ നിന്ന് നയിക്കാനുള്ള സമയമായി. കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാഹുല്‍ അധ്യക്ഷനാകണം എന്നാണു പാര്‍ട്ടിയുടെ പൊതുവികാരമെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

RELATED NEWS

Leave a Reply