കനത്ത മഴ തുടരുന്നു; ദുരിതമൊഴിയാതെ തമിഴ്നാട്ടിലെ ജനങ്ങൾ

main-news, National News

ചെന്നൈ∙ തമിഴ്നാടിനെ വെള്ളത്തിൽ മുക്കി കനത്ത മഴ തുടരുന്നു. കാ‍ഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും നഗരപ്രദേശങ്ങളിലുമാണ് മഴ തുടരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് മഴയ്ക്കു കാരണം. ഒക്ടോബർ 31ന് അടച്ച സ്കൂളുകളുടെ പ്രവർത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല. സർവകലാശാല പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനതല നാഷനൽ ടാലന്റ് സെർച്ച് പരീക്ഷ ഈമാസം 18ലേക്കു മാറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഉത്തര ചെന്നൈയുടെ ചില ഭാഗങ്ങളിലും ദക്ഷി ചെന്നൈയുടെ മടിപ്പക്കം, കാരപ്പക്കം എന്നിവിടങ്ങളിലും വൈദ്യുതി നിലച്ച സ്ഥിതിയിലാണ്. റോഡില്‍ വെള്ളം കയറിയിട്ടുള്ളതിനാൽ ചില മേഖലകളിൽ ഗതാഗതം തിരിച്ചുവിട്ടു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകർ ആഹാരവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പനീർസെൽവത്തിന്റെയും ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെയും വീടുകളിൽ വെള്ളം കയറിയിരുന്നു.

 

ചെന്നൈ, കാഞ്ചീപുരം ജില്ലകളിൽ മാത്രം ആയിരക്കണക്കിനു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. റെയിൽ, വ്യോമ, മെട്രോ ഗതാഗതത്തെ മഴ സാരമായി ബാധിച്ചില്ല. മഴ തുടരുന്നതിനാൽ, യാത്രക്കാർക്കു മുൻകൂട്ടി ബുക്ക് ചെയ്ത വിമാനം മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള പിഴ തൽക്കാലത്തേക്ക് ഒഴിവാക്കുന്നതായി ജെറ്റ് എയർവേയ്സ് അധികൃതർ അറിയിച്ചു.

 

RELATED NEWS

Leave a Reply