നിതിന്റെ വേർപാടിൽ തീരാനൊമ്പരത്തോടെ സഹപ്രവർത്തകർ

General, main-news, OBITUARY

കോഴിക്കോട്: മാധ്യമ പ്രവർത്തനത്തോടുള്ള അടങ്ങാത്ത അഭിനിവേശം അതൊന്നുമാത്രമാണ് രാവും പകലും പണിയെടുക്കാൻ മടി കാട്ടാതിരുന്ന നിതിൻ ദാസിന്റെ കൈമുതൽ. ഡെസ്‌ക്കിൽ സജീവമായി ഓടി നടന്നിരുന്ന നിതിൻ ദാസിന്റെ മരണ വിവരം ഞെട്ടലോടെയാണ് മീഡിയവൺ ചാനൽ ജീവനക്കാർ കേട്ടത്. 26 വയസ് മാത്രം പ്രായമുള്ള നിതിന്റെ മരണ വിവരം ഉൾക്കൊള്ളാൻ പല ജീവനക്കാർക്കും ഇപ്പോഴും ആയിട്ടില്ല.

നേരത്തെ നഴ്സ് ആയി ജോലി ചെയ്തിരുന്നു നിതിൻ. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ജോലിയും ലഭിച്ചു. എന്നാൽ, മാധ്യമ പ്രവർത്തനത്തോടുള്ള മോഹം കലശലായപ്പോൾ നിതിൻ നഴ്‌സിങ് ജോലി ഉപേക്ഷിച്ച് കേരള പ്രസ് അക്കാദമിയിൽ ചേർന്ന് ജേർണലിസം പഠിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മീഡിയ വണിൽ ജോലി ചെയ്ത് വരികയാണ്.

വളരെ ഊർജ്ജസ്വലനായി ഓടി നടന്ന് നിധിൻ ജോലി ചെയ്തിരുന്നതായി സഹപ്രവർത്തകർ ഓർക്കുന്നു. വാർത്താ വായനയോടൊപ്പം പ്രൊഡക്ഷനിലും മികവ് തെളിയിച്ചു. രാവിലെയുള്ള വേൾഡ് ന്യൂസ്, മോർണിങ്ങ് ഷോ എന്നിവ മിക്ക അവസരങ്ങളിലും കൈകാര്യം ചെയ്തിരുന്നത് നിതിനായിരുന്നു. ഇതിന് പുറമെ മറ്റുബുള്ളറ്റിനുകളും വായിച്ചിരുന്നു.

മീഡിയ വൺ ഒമ്പതു മണി ചർച്ചയായ സ്‌പെഷ്യൽ എഡീഷന്റെ പ്രൊഡ്യൂസറായും നിതിൻ നല്ല പ്രവർത്തനം കാഴ്ചവെച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഊർജ്ജസ്വലമായി ജോലി ചെയ്തിരുന്നെങ്കിലും വളരെ കുറച്ചാളുകളോട് മാത്രമേ ഗാഢ സൗഹൃദം ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരോടൊന്നും മനസിലുള്ളത് തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നില്ല. അതുക്കൊണ്ടുത്തന്നെ നിതിന് എന്തെങ്കിലും വിഷമമുള്ളതായി മിക്കവർക്കും അറിയാൻ കഴിഞ്ഞിരുന്നില്ല.

വൈകുന്നേരം 4.30നുള്ള ഷിഫ്റ്റിലേക്കായിരുന്നു നിതിൻ ദാസ് എത്തേണ്ടിയിരുന്നത്. എന്നാൽ സമയം കഴിഞ്ഞിട്ടും നിതിനെ ഓഫീസിലേക്ക് കണ്ടില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നപ്പോളാണ് നിതിൻ തൂങ്ങിമരിച്ച വിവരം അറിയുന്നത്. റഹ്മാനിയ സ്‌കൂളിന് സമീപത്തുള്ള കെഎം അപ്പാർട്ട്മെന്റിലാണ് നിതിൻ ദാസ് താമസിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നു. എന്നാൽ വാതിലിന്റെ താക്കോൽ പുറത്തു കിടക്കുന്നുണ്ടായിരുന്നു. ഈ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോളാണ് നിധിൻ തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഉടനെത്തന്നെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണകാരണം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷമേ മരണക്കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എറണാംകുളം തോപ്പും പടിയിലുള്ള ചുള്ളിക്കൽതോപ്പിൽ വേലായുധന്റേയും പത്മിനിയുടേയും മകനാണ്. വിപിൻ ദാസാണ് സഹോദരൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കൾ കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

RELATED NEWS

Leave a Reply