തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മരണസംഖ്യ 12 ആയി

General, main-news

ചെന്നൈ: തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഇതുവരെ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായി പറയുന്നത്. കനത്ത മഴ തുടരുന്ന കാഞ്ചീപുരം, തിരുവല്ലൂര്‍ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഴയെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ ഇതുവരെയും തുറന്നിട്ടില്ല. കൂടാതെ നിരവധി സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മിക്കയിടങ്ങലിലും ട്രെയിന്‍, ബസ്സ് സര്‍വ്വീസുകള്‍ പുന:സ്ഥാപിച്ച് വരികയാണ്.

എംകെബി നഗര്‍, മടിപ്പക്കം, കാരപ്പക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. മുഖ്യമന്ത്രി കെ പളനിസ്വാമി, ഒ പനീര്‍ശെല്‍വം മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 150 ഓളം വരുന്ന ദുരിതാശ്വാസ ക്യാംപുകളിലായി പതിനായിരത്തോളം പേരാണ് കഴിയുന്നത്.

 

തിങ്കളാഴ്ച വരെ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെയാണ് മഴ ശക്തിപ്രാപിച്ചത്. ജില്ലാ കളക്ടര്‍മാര്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.

RELATED NEWS

Leave a Reply