ഒരു ക്ഷേത്രത്തിലെയും പണം സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മന്ത്രി കടകംപള്ളി; പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് ഹൈക്കോടതി ഉത്തരവ് പ്രകാരം

Kerala News, main-news

തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് ഹൈക്കോടതി ഉത്തരവ് പ്രകാരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് വിശ്വാസികളും ക്ഷേത്രജീവനക്കാരും തന്നെയാണ്. എന്നാല്‍ ഇതിനെ ചിലര്‍ വര്‍ഗീയ മുതലെടുപ്പിനായി ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സത്യം മറച്ചുവച്ചാണ് ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നത്. സ്വത്ത് കൈയ്യടക്കാനാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നൊക്കെ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുകയാണ്. ക്ഷേത്ര സ്വത്ത് അന്യാധീനപ്പെട്ട് പോകാതിരിക്കാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

നിരവധി ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ഗ്രാന്റ് നല്‍കി സഹായിക്കുന്നുണ്ട്. ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നുവെന്ന കള്ളപ്രചരണം ഇനിയെങ്കിലും അവസാനിപ്പിക്കണെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് വര്‍ഗീയവിഷയമാക്കി മുതലെടുപ്പിന് ശ്രമിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ പൊതുസമൂഹവും, വിശ്വാസികളും ഇതിന്റെ യഥാര്‍ത്ഥ വസ്തുത മനസിലാക്കേണ്ടതുണ്ട്.

നാട്ടുകാരില്‍ ചിലരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് പാര്‍ത്ഥസാരഥി ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്.

നിലവിലെ നിയമപ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീര്‍ഘകാല നിയമപോരാട്ടം നടന്നതിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

 

RELATED NEWS

Leave a Reply