മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്യക്ഷമമല്ലെന്ന് സി.എം.എഫ്.ആര്‍.ഐ

General, Kerala News, main-news

കൊച്ചി: രാജ്യത്തെ മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഒട്ടും കാര്യക്ഷമമല്ലെന്ന് പഠനം. മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും അനുഭവിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. മറ്റ് കാര്‍ഷിക മേഖലകളെ അപേക്ഷിച്ച് മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വളരെ കുറവാണെന്നാണ് പഠനം. കടലില്‍ മീന്‍പിടിക്കുന്നവര്‍ക്കുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമാണ് ഈ മേഖലയില്‍ പ്രചാരത്തിലുള്ളത്. എന്നാല്‍, മീന്‍പിടിത്ത ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള കേടുപാട്, തീരദേശ ജംഗമവസ്തുക്കള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടം തുടങ്ങിയവയ്ക്ക് കേരളത്തിലുള്‍പ്പെടെ വളരെ പരിമിതമായ തോതില്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലുള്ളത്. മത്സ്യങ്ങള്‍ വന്‍തോതില്‍ ഇല്ലാതാകുന്നതുകൊണ്ടുള്ള നഷ്ടം, കടലില്‍ കൃഷിചെയ്യാനുപയോഗിക്കുന്ന കൂടുകള്‍ക്ക് സംഭവിക്കുന്ന കേടുപാട്, മത്സ്യകൃഷിയില്‍ സംഭവിക്കുന്ന നഷ്ടം എന്നിവയ്ക്ക് രാജ്യത്തെവിടെയും ഇന്‍ഷുറന്‍സ് സംരക്ഷണം ഇല്ലെന്നും പഠനം വ്യക്തമാക്കുന്നു.

സി.എം.എഫ്.ആര്‍.ഐ.യിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം ശാസ്ത്രജ്ഞനായ ഡോ.ഷിനോജ് പാറപ്പുറത്താണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 14 മീന്‍പിടിത്ത കേന്ദ്രങ്ങളിലും കേരളത്തിലെയും തമിഴ്‌നാട്ടിലെയും മത്സ്യകര്‍ഷകര്‍ക്കിടയിലുമാണ് പഠനം നടത്തിയത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ തലങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പഠനത്തിനായി ഉപയോഗപ്പെടുത്തി. കേരളത്തില്‍ ഒരു സ്ഥലത്ത് മാത്രമാണ് മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ളതെന്ന് സര്‍വേയില്‍ കണ്ടെത്തി. സര്‍വേയോട് പ്രതികരിച്ചവരില്‍, തീരദേശ മേഖലയില്‍ വസിക്കുന്നവരുടെ പുരയിടം, മറ്റ് ജംഗമവസ്തുക്കള്‍ എന്നിവയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടുള്ളത് തമിഴ്‌നാട്ടിലെ 14 ശതമാനം പേര്‍ മാത്രമാണ്. മത്സ്യസമ്പത്തിലെ കുറവ്, വിപണിയിലെ വിലവ്യത്യാസം മൂലമുള്ള നഷ്ടം, മത്സ്യകൃഷിയിലെ നഷ്ടം എന്നിവയ്ക്ക് സര്‍വേയില്‍ പങ്കാളികളായ ആരും തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു.

RELATED NEWS

Leave a Reply