ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

Kerala News, main-news

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമായി കുറയ്ക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി.

ബോര്‍ഡിന്‍റെ കാലാവധി രണ്ടുവര്‍ഷമായി വെട്ടിക്കുറച്ചതിന്‍റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചത്.  ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡിന്‍റെ കാലാവധി രണ്ടുവര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

ശബരിമലയിലെ സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ അടുത്തകാലത്ത് നടത്തിയ പ്രസ്താവനകള്‍ക്കുള്ള പ്രതികാര നടപടിയാണ് സര്‍ക്കാര്‍ നടത്തിയതെന്നായിരുന്നു പ്രയാറിന്‍റെ വിശദീകരണം.

അതേസമയം, നിരവധി അഴിമതി നടത്തിയ ബോര്‍ഡിനെയാണ് പിരിച്ചുവിട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

പ്രയാര്‍ ഗോപാല കൃഷ്ണനോടുള്ള പ്രതികാരമല്ല സര്‍ക്കാര്‍ നടപടിയ്ക്ക് പിന്നില്‍. ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കിയത് എല്‍.ഡി.എഫിന്‍റെ നയമാണെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

RELATED NEWS

Leave a Reply