കൂടുതൽ ബാറുകൾ തുറക്കാൻ സാധ്യത; ഉത്തരവിൽ വ്യക്തത വരുത്തി സുപ്രീംകോടതി

Kerala News, main-news, National News

ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാതയോരത്ത് നിന്ന് അര കിലോമീറ്റർ ദൂരെ മാത്രമേ മദ്യശാലകൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന വിധി സുപ്രീംകോടതി വീണ്ടും മയപ്പെടുത്തി. മുനിസിപ്പൽ പ്രദേശങ്ങളിൽ ഈ ദൂരപരിധി പാലിക്കേണ്ടതില്ലെന്നാണ് വിധിയെ വിശദീകരിച്ച് ഇന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തടക്കം കൂടുതൽ മദ്യശാലകൾ തുറന്നേക്കും.

ഉത്തരവിൽ വ്യക്തത തേടി തമിഴ്നാട് സർക്കാരാണ് സുപ്രീം കോടതിയെ തേടിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ തമിഴ്നാട് സർക്കാരിന് വേണ്ടി പ്രമുഖ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരായത്.

നേരത്തേ ഛണ്ഡീഗഡിലെ മുനിസിപ്പൽ പ്രദേശത്ത് മദ്യവിൽപ്പനയ്ക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതിയിലെത്തിയ പൊതുതാത്പര്യ ഹർജിയാണ് സുപ്രീംകോടതിക്ക് വിട്ടത്. ഇതിലാണ് ഇപ്പോൾ സുപ്രീംകോടതി വിശദീകരണം നൽകിയത്.

“സുപ്രീംകോടതി ഛണഡീഗഡിലെ മുനിസിപ്പൽ ഏരിയ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ രാജ്യത്തെ മറ്റ് മുനിസിപ്പൽ പ്രദേശങ്ങൾക്കും നിയമം ബാധകമാണ്”, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ജൂലൈ 11 ന് പുറത്തിറക്കിയ വിധി ഇത്തരത്തിലുള്ള എല്ലാ ഹർജികളും ഒഴിവാക്കാൻ വേണ്ടിയാണ് വിധിച്ചതെന്ന് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

കേരളത്തിൽ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. ദേശീയപാത കടന്നുപോകുന്ന മുനിസിപ്പൽ ഏരിയകളിൽ നിലവിലുണ്ടായിരുന്ന വിലക്ക് ഇതോടെ നീങ്ങും.

 

RELATED NEWS

Leave a Reply