വിസ്മയിപ്പിച്ച് സഹോദരങ്ങള്‍, നൂലുകൊണ്ട് നിറക്കൂട്ട്തീര്‍ത്ത് കൊയ്തെടുത്തത് നേട്ടങ്ങള്‍.

Local News, main-news, Palakkad

അലനല്ലൂര്‍: വ്യത്യസ്ത നിറത്തിലുള്ള നൂലുകള്‍ കൊണ്ട് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ് പൊതു വിദ്യാലയത്തിന്റെ സംഭാവനകളായ എടത്താനാട്ടുകര വട്ടമണ്ണപ്പുരത്തിനടുത്തെ ഇശല്‍ മന്‍സിലിലെ സഹോദരങ്ങളായ പി. അര്‍ഷ സലാമും പി. അമന്‍ സലാമും. ഒറ്റപ്പാലത്ത് നടന്ന ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ എടത്തനാട്ടുകര നാലുകണ്ടം പി.കെഎച്ച്എംഒയുപി സ്‌കൂള്‍ ലീഡറും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ പി. അര്‍ഷസലാമും എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരന്‍ പി അമന്‍സലാമും മികച്ച സ്ഥാനങ്ങള്‍ കൈവരിച്ചു. യു.പി വിഭാഗത്തില്‍ മത്സരിച്ച അര്‍ഷ എ ഗ്രോഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മേളയില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടി. എല്‍.പി വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സഹോദരനായ അമന്‍ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ എല്‍പി സ്‌കൂള്‍ അധ്യാപകന്‍ പി. അബ്ദുസലാമിന്റെയും അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. ഷംനയുടെയും മക്കളാണ് അമനും അര്‍ഷയും. മാതാവ് ഷംനയാണ് രണ്ടുപേരുടെയും പരിശീലക. കഴിഞ്ഞ വര്‍ഷം ജില്ലാതല പ്രവൃത്തി പരിചയ മേളയില്‍ എല്‍പി വിഭാഗത്തില്‍ അമന്‍ എഗ്രേഡോടെ ഒന്നാം സ്ഥാനവും യുപി വിഭാഗത്തില്‍ മത്സരിച്ച അര്‍ഷ എ ഗ്രേഡോടെ അഞ്ചാം സ്ഥാനവും നേടിയിരുന്നു.

 

RELATED NEWS

Leave a Reply