കായൽ കയ്യേറ്റം: മന്ത്രി തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി തള്ളി

Kerala News, main-news

കൊച്ചി∙ കായൽ കയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിനെ എതിർകക്ഷിയാക്കി മന്ത്രിക്കു ഹർജി നൽകാനാവില്ലെന്നു വിലയിരുത്തിയാണ് ഉത്തരവ്. കലക്ടറുടെ റിപ്പോർട്ടിൽ അപാകതകളുണ്ടെന്നും അവ പരിഹരിക്കാൻ അവസരം വേണമെന്നും തോമസ് ചാണ്ടി വാദിച്ചു. പരിഹാരം തേടി കലക്ടറെ സമീപിക്കുന്നതിന് ഉത്തരവു തടസമല്ലെന്നു കോടതി വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയശേഷമാണു കോടതിയുടെ നടപടി.

രണ്ട് ജ‍ഡ്ജിമാരാണ് വാദം കേട്ടത്. റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ കലക്ട‍റെ 15 ദിവസത്തിനകം സമീപിക്കണമെന്നു ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ നിർദേശിച്ചു. എന്നാൽ കോടതിയെ സമീപിച്ചതു ഭരണഘടനാ വിരുദ്ധമാണെന്നാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശമോ നടപടി നിർ‌ദേശമോ ഇല്ല. ഭാവിയിൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മന്ത്രി ദന്തഗോപുരത്തിൽനിന്നു താഴെയിറങ്ങണമെന്ന് അഭിപ്രായപ്പെട്ട കോടതി സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നു പറഞ്ഞു. രാവിലത്തെ രൂക്ഷവിമർശനങ്ങൾക്കു പിന്നാലെ ചാണ്ടിക്കു വേണമെങ്കിൽ ഹർജി പിൻവലിക്കാമെന്നു ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ ഹർജി പിൻവലിക്കാതിരുന്നപ്പോഴാണു ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.

വാദം കേൾക്കുന്നതിനിടെ, ഹർജി നിലനിൽക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ കടുത്ത പരാമർശങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാണ്.

 

RELATED NEWS

Leave a Reply