ഭക്ഷണം, പാൽ, ജ്യൂസ്; ഗുർമീതിന് ജയിലിൽ പ്രത്യേക പരിഗണനയെന്ന് വെളിപ്പെടുത്തൽ

main-news, National News

റോത്തക്∙ മാനഭംഗക്കേസിൽ ശിക്ഷയനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനു ജയിലിൽ പ്രത്യേക പരിഗണനയെന്നു റിപ്പോർട്ട്. ഗുർമീതിനൊപ്പം ഹരിയാനയിലെ സുനരിയ ജയിലിൽ കഴിഞ്ഞ രാഹുൽ ജെയ്ൻ ജാമ്യത്തിൽ പുറത്തെത്തിയപ്പോഴാണു വിവരങ്ങൾ വെളിപ്പെടുത്തിയത്. മറ്റു തടവുകാരോടു പെരുമാറുന്നതുപോലെയല്ല ജയിൽ അധികൃതർ ഗുർമീതിനോടു പെരുമാറുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഗുർമീത് ആ ജയിലിലാണു കഴിയുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. ഗുർമീതിനെ പാർപ്പിച്ചിരിക്കുന്നിടത്തേക്കു മറ്റാർക്കും പ്രവേശനമില്ല. ഗുർമീതിനെ സെല്ലിൽനിന്നു പുറത്തിറക്കുമ്പോൾ മറ്റു തടവുകാരെ സെല്ലിനുള്ളിൽ പൂട്ടിയിടും. പാലോ വെള്ളമോ ജ്യൂസോ കുടിക്കാനായി അദ്ദേഹം കന്റീനിലേക്കു പോകുകയാണു പതിവെന്നാണ് അറിയാൻ കഴിഞ്ഞത്. ഗുർമീതിനു മികച്ച സൗകര്യങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുമ്പോൾ സാധാരണ തടവുകാർക്ക് അടിസ്ഥാനപരമായ ആവശ്യങ്ങൾപ്പോലും നല്‍കാൻ ജയിൽ അധികൃതർ മെനക്കെടാറില്ല.

ഗുർമീത് വന്നതിനുശേഷമാണു ജയിലിൽ സാധാരണ തടവുകാർക്കു പ്രശ്നങ്ങൾ തുടങ്ങിയത്. നേരത്തേ, ജയിൽവളപ്പിനുള്ളിൽ സ്വതന്ത്രമായി നടക്കാമായിരുന്നു. ഭക്ഷണവും നല്ലതായിരുന്നു. എന്നാൽ ഇപ്പോഴതു മാറി. വസ്ത്രങ്ങളും ചെരുപ്പും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾപ്പോലും ഇപ്പോൾ വരുന്നില്ല. ഇതേത്തുടർന്നു മറ്റൊരു തടവുകാരന്‍ ജഡ്ജിയെ സമീപിച്ചു. പിന്നീടാണു പതിയെയെങ്കിലും ഇവയെല്ലാം വരാൻ തുടങ്ങിയത്.

അസമത്വത്തിനെതിരെ തടവുകാർ ജയിലിനുള്ളിൽ സമരം ചെയ്തെങ്കിലും സാഹചര്യങ്ങൾ മാറിയിട്ടില്ല. ഗുർമീത് ജയിലിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഞങ്ങളതു വിശ്വസിക്കുന്നില്ല. ഒരിക്കൽപ്പോലും ഗുർമീത് ജോലി ചെയ്യുന്നതു കണ്ടിട്ടില്ല. മറ്റു തടവുകാർക്ക് അവരുടെ സന്ദർശകരുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്താനാണ് അനുവാദം. എന്നാൽ ഗുർമീതിനു രണ്ടു മണിക്കൂർ നേരം സന്ദർശകരെ കാണാം. ഗുർമീതിനും ജയിൽ അധികൃതർക്കും ഭക്ഷണവുമായി പ്രത്യേക വാഹനം എത്താറുണ്ടെന്നും രാഹുൽ ജെയ്ൻ അറിയിച്ചു.

15 വർഷം മുൻപ് ആശ്രമത്തിൽ താമസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 20 വർഷത്തെ തടവാണു ഗുർമീതിന് കോടതി വിധിച്ചത്.  

 

RELATED NEWS

Leave a Reply