തോമസ് ചാണ്ടി രാജിവച്ചു; പിണറായി സർക്കാരിലെ മൂന്നാം രാജി

Kerala News, main-news

തിരുവനന്തപുരം ∙ കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. രാജിക്കത്ത് ഗവർണർ പി.സദാശിവം അംഗീകരിച്ചു. ഇടതുമുന്നണിയിലെ പൊട്ടിത്തെറിയെത്തുടർന്ന്, ഗത്യന്തരമില്ലാതെയാണു ചാണ്ടിയുടെ രാജി. മന്ത്രിസ്ഥാനം സംരക്ഷിക്കാൻ അവസാനനിമിഷം വരെ സമ്മർദ്ദം ചെലുത്തിയ എൻസിപിക്കും രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലാതായി. ആരോപണങ്ങളെ പ്രതിരോധിച്ചും വെല്ലുവിളിച്ചും നിലകൊണ്ട തോമസ് ചാണ്ടി അവസാനം രാജിക്കു വഴങ്ങുകയായിരുന്നു. എൻസിപി ദേശീയ നേത‍ൃത്വവുമായി നടന്ന കൂടിയാലോചനയ്ക്കു പിന്നാലെയാണു മന്ത്രിയുടെ രാജിപ്രഖ്യാപനം. പിണറായി വിജയൻ സർക്കാരിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണു തോമസ് ചാണ്ടി. ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണു തോമസ് ചാണ്ടി പദവിയൊഴിഞ്ഞത്. എൻസിപി ദേശീയ നേതൃത്വവുമായി നടന്ന ചർച്ചകൾക്കുശേഷം തോമസ് ചാണ്ടി രാജിക്കത്ത് പാർട്ടി നേതൃത്വത്തിനു കൈമാറുകയായിരുന്നു. യോഗത്തിനുശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാൻ പോകുമെന്നു കരുതിയെങ്കിലും ഔദ്യോഗിക വാഹനത്തിൽ സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കാണു യാത്ര തിരിച്ചത്. പിന്നാലെ പാർട്ടി അധ്യക്ഷൻ ടി.പി. പീതാംബരൻ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറി. അതിനിടെ, രാജിവച്ചു മടങ്ങിയ തോമസ് ചാണ്ടിയെ അടൂരിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാട്ടി, ചീമുട്ടയെറിഞ്ഞു.

തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു സിപിഐ ആദ്യം മുതൽതന്നെ കടുത്ത നിലപാടെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കടുത്ത ഭാഷയിൽ ചാണ്ടിക്കെതിരെ രംഗത്തെത്തി. പാർട്ടിയുടെ ആകെയുള്ള രണ്ട് എംഎൽഎമാരും മന്ത്രിമാരാവുകയും വിവാദത്തിൽപ്പെട്ടു രാജിവച്ചു സ്ഥാനമൊഴിയുകയും ചെയ്തെന്ന അപൂർവസ്ഥിതിയിലാണ് ഇപ്പോൾ ‍എൻസിപി.

രാജിക്കാര്യത്തിൽ തലസ്ഥാനത്തു തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതിനിടെ രാവിലെ എട്ടുമണിക്ക് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ സന്ദർശിച്ചു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ നടന്ന മന്ത്രിസഭായോഗത്തിലും ചാണ്ടി പങ്കെടുത്തു. എന്നാൽ തോമസ് ചാണ്ടി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ മ‌ന്ത്രിമാർ യോഗത്തിനെത്തിയില്ല. പിന്നീടു മാധ്യമങ്ങളെ കണ്ടപ്പോൾ മുഖ്യമന്ത്രി സിപിഐയുടെ നിലപാടിൽ അതൃപ്തി അറിയിച്ചു. തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം എൻസിപി ദേശീയ നേതൃത്വത്തിനു വിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നീടാണ് രാജിയിലേക്കു നീങ്ങിയത്

RELATED NEWS

Leave a Reply