ആദ്യം കുറ്റവിമുക്തനാകുന്നയാൾ മന്ത്രി; ഇനി നിർണായകം നിയമപോരാട്ടം

Kerala News, main-news

തിരുവനന്തപുരം ∙ ആദ്യം ആര് കുറ്റവിമുക്തനാകുന്നുവോ അയാൾ മന്ത്രിയാകുമെന്ന് എൻസിപി നേതൃത്വം അറിയിച്ചതോടെ കേസുകളിൽനിന്ന് ഒഴിവാകാനുള്ള തീവ്രശ്രമത്തിൽ തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനും. എൻസിപിയുടെ രണ്ട് എംഎൽഎമാരും ആരോപണങ്ങൾ നേരിടുന്നുണ്ട്. ലൈംഗികച്ചുവയോടെ സ്ത്രീയോടു ഫോണിൽ സംസാരിച്ചെന്ന ആരോപണത്തെത്തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ രാജിവച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പി.എസ്. ആന്റണി കമ്മിഷനെ സർക്കാർ നിയമിച്ചു. പരാതിക്കാരി കേസിൽനിന്നു പിൻമാറുകയാണെന്ന് കോടതിയെ അറിയിച്ചതോടെ ശശീന്ദ്രൻ വിഭാഗം പ്രതീക്ഷയിലാണ്. ശബ്ദരേഖകൾ ശാസ്ത്രീയമായി പരിശോധിക്കേണ്ടതില്ലെന്നു കമ്മിഷൻ നിലപാടെടുത്തതോടെ പ്രതീക്ഷ വർധിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കും. ഡിസംബർ 31വരെയാണ് കമ്മിഷന്റെ കാലാവധി.

കലക്ടറുടെ റിപ്പോർട്ടിൽ തന്‍റെ പേര് പരാമർശിക്കാത്തത് ആയുധമാക്കാനാണു തോമസ് ചാണ്ടിയുടെ നീക്കം. സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എൻസിപിക്ക് മന്ത്രിപദം നഷ്ടപ്പെട്ടില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ആദ്യം കുറ്റവിമുക്തനായാൽ താൻ മന്ത്രിയാകുമെന്നും തോമസ് ചാണ്ടി പറയുന്നതിനു പിന്നിൽ വരും ദിവസങ്ങളിലെ നീക്കങ്ങൾ വ്യക്തമാണ്.

റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐയുടെ നിലപാട് വരുംദിനങ്ങളിൽ തോമസ് ചാണ്ടിക്കു നിർണായകമാകും. നിയമ നടപടികൾ തുടരാനാണ് റവന്യു വകുപ്പിനു മന്ത്രി നൽകിയിരിക്കുന്ന നിർദേശം. ഇതു സംബന്ധിച്ച നിർദേശം ആലപ്പുഴ കലക്ടർക്കു കൈമാറി. നികത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കാനും കയ്യേറിയ ഭൂമി ഒഴിപ്പിക്കാനുമാണ് നിർദേശം. കയ്യേറ്റത്തിന്റെ ഗുണഭോക്താവെന്ന നിലയിൽ തോമസ് ചാണ്ടിക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച റിപ്പോർട്ട് നിയമവകുപ്പിന്റെ അഭിപ്രായത്തോടെ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

മുന്നണി മര്യാദകളുടെ ഭാഗമായി എൻസിപിയുടെ മന്ത്രിപദം നിലനിർത്തണമെന്ന അഭിപ്രായം മുഖ്യമന്ത്രിക്കുണ്ട്. എൻസിപി സംസ്ഥാന നേതൃത്വം ഇടതുമുന്നണിയോടു പുലർത്തുന്ന സൗഹൃദവും ഈ നിലപാടിനു കാരണമാണ്. എന്നാൽ, നിയമസഭയിൽ രണ്ട് അംഗങ്ങൾ മാത്രമുള്ള എൻസിപിയുടെ നിലപാടുകൾ സർക്കാരിനു വലിയ പ്രതിച്ഛായ നഷ്ടമാണ് വരുത്തിവച്ചതെന്ന് സിപിഎം നേതാക്കൾക്കുതന്നെ അഭിപ്രായമുണ്ട്. രാജിവച്ച മൂന്നു മന്ത്രിമാരിൽ രണ്ടു പേരും എൻസിപിയുടേതാണ്. തോമസ് ചാണ്ടിയുടെ രാജി വൈകിയതും മുന്നണിക്കു ദോഷമായി. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ഗതാഗത വകുപ്പ് സിപിഎം തന്നെ കൈവശം വയ്ക്കണമെന്നാണ് പാർട്ടിയുടെ അകത്തളങ്ങളിലെ ചർച്ച. മുഖ്യമന്ത്രിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

 

RELATED NEWS

Leave a Reply