ഇരുനില കെട്ടിടം തകര്‍ന്ന് ആറ് മരണം

main-news, National News

ബംഗളൂരു: ഇരുനില കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണത്. ബംഗളൂരുവിലെ എജിപുരയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുകള്‍നിലയില്‍ താമസിച്ചിരുന്ന കലാവതി(68) രവിചന്ദ്രന്‍(30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ കുടുംബത്തിലെ രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപെട്ടു. താഴത്തെ നിലയില്‍ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അപകടസ്ഥലം സന്ദര്‍ശിച്ച കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് നഗരവികസന മന്ത്രി കെ.ജെ.ജോര്‍ജ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED NEWS

Leave a Reply