ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

Kerala News, main-news, Pathanamthitta

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടു. മേല്‍ശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തില്‍ നിന്നും മടങ്ങുകയും ചെയ്തു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടാകും. ഗൂഢാലോചന കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ യോഗം ചേരും. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എ.സുരേശനും യോഗത്തിൽ പങ്കെടുക്കും.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം.നടൻ ദിലീപിനെതിരെ പരമാവധി തെളിവുകൾ നിരത്തി ഗൂഢാലോചന തെളിയിക്കാൻ പോന്ന കുറ്റപത്രം തയ്യാറാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബി സന്ധ്യയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേരുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാർ രക്ഷപ്പെടാൻ വഴിവെക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം തയ്യാറാക്കാനുള്ള നീക്കം. കുറ്റപത്രം എന്ന് കോടതിയിൽ സമർപ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും. കേസിലെ നിർണ്ണായക തൊണ്ടിമുതലായ മൊബൈൽഫോൺ നശിപ്പിച്ചെന്ന കേസിൽ പൾസർ സുനിയുടെ അഭിഭാഷകർക്കെതിരെ സ്വീകരിക്കേണ്ട നടപടികളും അതിന്റെ നിയമ വശങ്ങളും ഇന്ന് നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യും.

ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെട്ടത്. മഞ്ജു വാര്യരുമൊത്തുള്ള വിവാഹജീവിതം തകർത്തതിലുള്ള പക നിമിത്തമാണ് നടിക്കെതിരെ ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നൽകിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

RELATED NEWS

Leave a Reply