ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കേരള മലിനീകരണ   നിയന്ത്രണ ബോര്‍ഡിന്റെ നാല് പുരസ്‌കാരങ്ങള്‍

Health Tips, More News

കോട്ടയ്ക്കല്‍: ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യസേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് നാല് വിഭാഗങ്ങളിലായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ ലഭിച്ചു. അഞ്ഞൂറ് ബെഡുകളുള്ള ആശുപത്രികളുടെ വിഭാഗത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഇത് തുടര്‍ച്ചയായി പത്താം വര്‍ഷവും പ്രഥമസ്ഥാനത്തെത്തി റിക്കോര്‍ഡിട്ടു. 200-500 ബെഡുകളുടെ വിഭാഗത്തില്‍ കൊച്ചിയിലെ ആസ്‌ററര്‍ മെഡ്‌സിറ്റിക്ക് അവാര്‍ഡ് ലഭിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള ആസ്റ്റര്‍ മിംസ് കോട്ടയ്ക്കല്‍ 100-200 ബെഡുകളുള്ള ആശുപത്രികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും മേപ്പാടിയിലെ ഡിഎം വിംസ് വയനാട് മെഡിക്കല്‍ കോളജ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. ഞങ്ങളുടെ നാല് ആശുപത്രികള്‍ക്കും ഏറെ പ്രശസ്തമായ കെസ്പിസി അവാര്‍ഡ് നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിലും പരിസ്ഥിതിയുടെ മലിനീകരണം ഒഴിവാക്കുന്നതിലും ഞങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രദ്ധയുടെ ഫലമാണിത്. സാമൂഹിക ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയില്‍ പരിസ്ഥിതി സംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഉയര്‍ന്ന മാലിന്യനിയന്ത്രണ നിലവാരമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിനും പിസിബിയ്ക്കും നന്ദി അറിയിക്കുകയാണ്. ഈയവസരത്തില്‍ ഈ അവാര്‍ഡ് നേടുന്നതിന് പിന്തുണനല്കിയ കേരളത്തിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിലെ എല്ലാ ടീമംഗങ്ങളെയും അനുമോദിക്കുന്നതിനും ഭാവിയിലേയ്ക്ക് ആശംസകള്‍ നേരുന്നതിനും ഈയവസരം ഉപയോഗിക്കുകയാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പരിസ്ഥിതിയുടെ കാര്യത്തില്‍ എല്ലാ വ്യവസായങ്ങളും വ്യാപാരസ്ഥാപനങ്ങളും ശ്രദ്ധ പതിപ്പിക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പല രോഗങ്ങളും മലിനീകരണ നിയന്ത്രണ നടപടികളുടെ അഭാവം മൂലമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിലധികം ബെഡുകളുള്ള ഈ നാല് ആശുപത്രികള്‍ക്കും എന്‍എബിഎച്ച് അക്രഡിറ്റേഷനുണ്ട് എന്നത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വ്യവസായരംഗങ്ങളില്‍ മലിനീകരണ നിയന്ത്രണത്തിനായി നടത്തുന്ന മികച്ച നടപടികള്‍ പരിഗണിച്ചാണ് 1989 മുതല്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡുകള്‍ നല്കുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുളള നൂതനമായ രീതികള്‍ക്കാണ് പുരസ്‌കാരം. കെപിസിബിയിലെ ബോര്‍ഡ് അംഗങ്ങള്‍, വ്യവസായരംഗത്തെയും സാങ്കേതികരംഗത്തെയും വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനലാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നത്. ചെറുകിട, ഇടത്തരം, വന്‍കിട എന്നിങ്ങനെ വ്യവസായങ്ങളെ തരംതിരിച്ച് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ (സര്‍ക്കാര്‍, സ്വകാര്യം), ആയൂര്‍വേദ ആശുപത്രികള്‍, പ്രാദേശികസഭകള്‍ (കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത്), അച്ചടി, വിഷ്വല്‍ മാധ്യമം എന്നീ വിഭാഗങ്ങളില്‍നിന്നുള്ളവരെയാണ് അവാര്‍ഡുകള്‍ക്കായി പരിഗണിച്ചത്.  ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ കണ്ണൂര്‍ മാസ്‌കറ്റ് പാരഡൈസില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യസുരക്ഷാ, മലിനീകരണന നിയന്ത്രണ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

RELATED NEWS

Leave a Reply