കരിപ്പൂരിലെ വെടിവെപ്പ്: കേസ് തേച്ചുമായ്ച്ചുകളയാന്‍ ശ്രമം >>>

Kerala News, More News, scrolling_news
കോഴിക്കോട് വിമാനത്താവളത്തില്‍ വെടിവെപ്പും അക്രമവും നടന്ന് അഞ്ചുമാസമായിട്ടും ബാലസ്റ്റിക് റിപ്പോര്‍ട്ട് ഫലം പുറത്തുവിടാതെ കേസ് തേയ്ച്ചുമായ്ച്ചുകളയാന്‍ ശ്രമം. പ്രതികളെല്ലാം ജാമ്യംനേടിയ കേസില്‍ അന്വേഷണം മരവിച്ചിരിക്കുകയാണ്.കഴിഞ്ഞ ജൂണ്‍ 10ന് രാത്രിയിലാണ് വിമാനത്താവളത്തില്‍ വെടിവെപ്പ് നടന്നത്. ദേഹപരിശോധനയെച്ചൊല്ലി വിമാനത്താവളത്തിലെ കാര്‍ഗോഗേറ്റിനു സമീപം അഗ്നിരക്ഷാസേനാംഗങ്ങളും സി.ഐ.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടറും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും അക്രമത്തിലും കലാശിച്ചത്. സി.ഐ.എസ്.എഫ്. ജവാന്‍ എസ്.എസ്. യാദവ് വെടിയേറ്റുമരിച്ചതിനെത്തുടര്‍ന്ന് രോഷാകുലരായ ജവാന്‍മാര്‍ എ.ടി.സി. ടവറിലും അഗ്നിരക്ഷാസേനയുടെ ഓഫീസ് കെട്ടിടത്തിലും നാശനഷ്ടങ്ങള്‍ വരുത്തുകയും വാഹനങ്ങളും റണ്‍വേയിലെ ലൈറ്റുകളും തകര്‍ത്ത് അഴിഞ്ഞാടുകയുംചെയ്തു. റണ്‍വേയില്‍ വാഹനം കയറ്റിയതിനാല്‍ രണ്ട് വിമാനങ്ങള്‍ കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിടേണ്ടിവന്നു. രാത്രിയില്‍ അടച്ചിട്ട വിമാനത്താവളം അടുത്തദിവസം രാവിലെയാണ് തുറന്നത്. സംഭവത്തില്‍ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ചെയ്തിരുന്നു. ജവാന്‍ കൊല്ലപ്പെട്ട കേസില്‍ 15 അഗ്നിരക്ഷാസേനാംഗങ്ങള്‍ക്കെതിരെയും അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും 13 സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കെതിരെയുമാണ് കേസെടുത്തത്. കേസില്‍ ജാമ്യംനേടി ഇവരെല്ലാം പുറത്താണിപ്പോള്‍. അതേസമയം സി.ഐ.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ പിസ്റ്റള്‍ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്കയച്ചിട്ട് അഞ്ചുമാസമായിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പിസ്റ്റളില്‍നിന്ന് ഒരുതവണ വെടിപൊട്ടിയെന്നും മൂന്നുതവണ വെടിപൊട്ടിയെന്നും അഭ്യൂഹമുയര്‍ന്നതിനാല്‍ ശാസ്ത്രീയപരിശോധനാഫലം കേസില്‍ നിര്‍ണായകമാണ്. അഗ്നിരക്ഷാസേനാംഗങ്ങള്‍ എസ്.ഐ. സീതാറാം ചൗധരിയുടെ പിസ്റ്റള്‍ പിടിച്ചുവാങ്ങി വെടിവെച്ചെന്നായിരുന്നു സംഭവം കഴിഞ്ഞയുടന്‍ സി.ഐ.എസ്.എഫ്. പറഞ്ഞത്. പിടിവലിക്കിടെയാണ് വെടിപൊട്ടിയതെന്ന് പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. എന്നാല്‍ വെടിപൊട്ടിയതിന് ആരാണ് ഉത്തരവാദിയെന്നകാര്യത്തില്‍ സംശയം ദൂരീകരിക്കാനായിട്ടില്ല. അതേസമയം വെടിയുണ്ടകള്‍ നീക്കംചെയ്ത പിസ്റ്റളാണ് സി.ഐ.എസ്.എഫ്. പോലീസിന് കൈമാറിയത്. ഒരു വെടിയുണ്ട കുറവുള്ള മാഗസീനും നഷ്ടപ്പെട്ട വെടിയുണ്ടയുടെ ക്യാപ്പും പ്രത്യേകമായാണ് നല്‍കിയത്. ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരും പരിശോധനാഫലം വാങ്ങി കേസന്വേഷിക്കാന്‍ താത്പര്യപ്പെടുന്നില്ല.

RELATED NEWS

Leave a Reply