കെ.ജി. ബാലകൃഷ്ണന് ബിനാമി സ്വത്തുക്കളില്ലെന്ന് ആദായനികുതിവകുപ്പ്>>

National News
മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബന്ധുക്കള്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കെ.ജി. ബാലകൃഷ്ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന 2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ബന്ധുക്കള്‍ അനധികൃതമായി സ്വത്തുക്കള്‍ വാരിക്കൂട്ടിയെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ചിനെ അറിയിച്ചു. ബിനാമിസ്വത്തുക്കള്‍ വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. എന്നാല്‍, ചില വസ്തുക്കള്‍ വിലകുറച്ച് കാണിച്ചുവെന്ന് കണ്ടെത്തിയിരുന്നു. വിലവ്യത്യാസത്തിന്‍മേലുള്ള നികുതിയടച്ചതായും എ.ജി. കോടതിയില്‍ പറഞ്ഞു. ആദായനികുതിവകുപ്പിന്റെ തത്സ്ഥിതി റിപ്പോര്‍ട്ടുമായാണ് എ.ജി. കോടതിയിലെത്തിയത്. അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണവിധേയനായ കെ.ജി. ബാലകൃഷ്ണനെ ദേശീയ മനുഷ്യകാവകാശ കമ്മിഷന്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സംഘടനയ്ക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ജി. ബാലകൃഷ്ണന്റെ സഹോദരനും മരുമകനും അഭിഭാഷകരാണെന്നും അവരുടെ വരുമാനത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് അന്വേഷിക്കാന്‍ പറ്റില്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. നൂറുരൂപ വരുമാനമുള്ളയാള്‍ പത്തുലക്ഷത്തിന്റെ സ്വത്ത് വാങ്ങുമ്പോള്‍ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതാണെന്ന എ.ജി.യുടെ വാദം കോടതി അംഗീകരിച്ചു. ആരോപണങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ പിന്നെയതില്‍ ഒന്നും ബാക്കിയില്ലെന്ന് കോടതിയും അഭിപ്രായപ്പെട്ടു.സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായി വിരമിച്ചവര്‍ക്കെതിരെ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം അപകടകരമായ പ്രവണത സൃഷ്ടിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യമാണ് ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ബാലകൃഷ്ണനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന ആവശ്യം നിലനില്‍ക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ സമ്മതിച്ചു. എന്നാല്‍, ബന്ധുക്കള്‍ സ്വത്തുസമ്പാദിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷനല്‍കുമെന്ന് ഹര്‍ജിക്കാരായ കോമണ്‍ കോസ് വ്യക്തമാക്കി.

RELATED NEWS

Leave a Reply