വിവാദ വിധി മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു

National News

ന്യൂഡല്‍ഹി :ബലാത്സംഗക്കേസുകളില്‍ മധ്യസ്ഥതശ്രമം നടത്താമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു. മധ്യസ്ഥതശ്രമമോ ഒത്തുതീര്‍പ്പോ പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ഛാത്തലത്തിലാണ് വിധി പിന്‍വലിച്ചത്. സ്ത്രീകള്‍ ദേവാലയം പോലെ കരുതുന്ന ശരീരങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ശ്രമിക്കുന്നത് തീര്‍ച്ചയായും നിയമവിരുദ്ധമാണെന്നും ജസ്റ്റിസുമാരായ ദീപക്മിശ്രയും പ്രഫുല സി പന്തും ഉള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചിരുന്നു.തമിഴ്നാട്ടില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ ഏഴുവര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇരയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ഡി ദേവദാസിന്റെ വിവാദമായ വിധിയാണ് കോടതി പിന്‍വലിച്ചത്.പ്രതിയുടെ ജാമ്യം പിന്‍വലിച്ച കോടതി ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചു. ബലാത്സംഗത്തെ തുടര്‍ന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്നും ഇതോടെ കേസിന് ശുഭകരമായ പരിസമാപ്തിയാകുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു. ഒത്തുതീര്‍പ്പിന് താല്‍പ്പര്യമില്ലെന്നും കോടതി തന്റെ അഭിമാനത്തെ ചോദ്യംചെയ്യുകയാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. വിധി നിയമവിരുദ്ധമായതിനാല്‍ അടിയന്തരമായി പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു.

RELATED NEWS

Leave a Reply