അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നിറഞ്ഞ് കുമരനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം

article

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കുമരനെല്ലൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ വലയ്ക്കുന്നത്. മരുന്നുകൾ സൂക്ഷിക്കാനും മാലിന്യങ്ങൾ സംസ്കരിക്കാനും ഇടമില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടവും തകർച്ചാ ഭീഷണിയിലാണ്.നാലോളം പഞ്ചായത്തുകളിൽ നിന്നായി മുന്നോറോളം രോഗികളാണ് ദിനംപ്രതി കുമരനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി എത്തുന്നത്. രണ്ടു ഡോക്ടർമാർ ഉണ്ടെങ്കിലും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. രോഗികൾക്ക് നൽകേണ്ട മരുന്നുകൾ പോലും വൃത്തിയായി സൂക്ഷിച്ചു വെക്കാനുള്ള സംവിധാനങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലില്ല. ഉപയോഗിക്കാതെ വലിച്ചെറിഞ്ഞ മരുന്നുകൾ, സിറിഞ്ചുകൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയ ആശുപത്രി മാലിന്യങ്ങളെല്ലാം ഇതേ കോമ്പൗണ്ടിൽ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. ഇത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെയ്ക്കുന്നതായി പരാതിയുണ്ട്. മാലിന്യങ്ങൾ കത്തിക്കുന്നതാകട്ടെ തൊട്ടടുത്തുള്ള ഗവൺമെന്റ് .എൽ.പി.സ്ക്കൂളിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ്. ആധുനിക രീതിയിൽ മാലിന്യമെല്ലാം സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ആശുപത്രിയിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രോഗികളെ ചികിത്സിക്കുന്ന പരിശോധനാ മുറി തകർച്ചാ ഭീഷണിയിലാണ്. മുറിയുടെ ജനൽവാതിലുകൾ പൂർണ്ണമായും
ചിതലരിച്ചതിനാൽ ഏത് നിമിഷവും തകർന്നു വീഴാം. കിടത്തി ചികിത്സക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു. ആശുപത്രിയിൽ വേണ്ടത്ര ജീവനക്കാരില്ലന്നതാണ് മറ്റൊരു പ്രശ്നം. ഈ പ്രശ്നങ്ങളെല്ലാം ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ
അധികൃതർ മുൻകൈയെടുക്കുന്നില്ലന്നാണ് ആരോപണം. ഹോസ്‌പിറ്റൽ മാനേജ്മെൻറ് മാസത്തിലൊരിക്കൽ യോഗം ചേരുമെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ യാതൊന്നും ചെയ്യാറില്ലെന്നും നാട്ടുകാർ പറയുന്നു. പനി വ്യാപകമായതു കാരണം രോഗികളുടെ എണ്ണം കൂടിയതിനാൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

RELATED NEWS

Leave a Reply