അഭിരാമിക്ക് മത്സരം മുഴുമിക്കാനായില്ല.

article

പാലക്കാട്: ഉദ്ഘാടനശേഷം നടന്ന ആദ്യ രണ്ട് മത്സരവേദികളും നര്‍ത്തകിമാരുടെ കണ്ണീരില്‍ കുതിര്‍ന്നു. ഒന്നാംവേദിയില്‍നടന്ന മോഹിനിയാട്ട മത്സരത്തിനിടയിലും രണ്ടാംവേദിയില്‍നടന്ന കേരളനടന മത്സരത്തിനിടയിലുമാണ് സി.ഡി.കള്‍ പാതിവഴിയില്‍ നിലച്ച് കലാകാരികള്‍ക്ക് മത്സരം മുഴുമിപ്പിക്കാന്‍സാധിക്കാതെ പോയത്. കോട്ടയം കുറുമണ്ണ സെന്‍റ് ജോണ്‍സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി അഭിരാമിസത്യന് മോഹിനിയാട്ട വിഭാഗത്തില്‍ മത്സരിക്കവെയാണ് ഈ ദുരനുഭവമുണ്ടായത്.
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സി.ഡി. നിന്നതിനാല്‍ അഭിരാമിക്ക് മത്സരം മുഴുമിക്കാനായില്ല. വിധികര്‍ത്താക്കള്‍ രണ്ടുതവണ അവസരം നല്‍കിയെങ്കിലും രണ്ടുവട്ടവും സി.ഡി. ശരിയായി പ്രവര്‍ത്തിച്ചില്ല. മത്സരം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് വേദിയില്‍ വിങ്ങിപ്പൊട്ടിയ അഭിരാമിയുടെ അടുത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി.
സി.ഡി.ക്ക് തകരാറില്ലെന്ന് രക്ഷിതാക്കളും തകരാറുണ്ടെന്ന് സംഘാടകരും പറഞ്ഞു. ഇതിനിടെ, വീണ്ടും അവസരം നല്‍കണോയെന്ന തീരുമാനം ഉന്നതാധികാരികള്‍ക്കുവിട്ട് മത്സരം തുടര്‍ന്നു. ഏറ്റവുമൊടുവില്‍, അഭിരാമിക്ക് അവസരം നല്‍കാന്‍ തീരുമാനമായി.
എന്നാല്‍, കേരളനടനം എച്ച്.എസ്. വിഭാഗത്തില്‍ മത്സരത്തിനിറങ്ങിയ മൊകേരി രാജീവ്ഗാന്ധി എച്ച്.എസ്.എസ്സിലെ ഗോപികാനമ്പ്യാരുടെ അവസ്ഥ ഇതിനേക്കാള്‍ നോവുണര്‍ത്തുന്നതായിരുന്നു. മത്സരത്തിനിടെ സി.ഡി. പണിമുടക്കിയപ്പോള്‍ വിദ്യാര്‍ഥിനി മനസ്സാന്നിധ്യം കൈവിടാതെ ചിരിച്ചു കളിച്ചെങ്കിലും കളിയവസാനിച്ചതും വിങ്ങിപ്പൊട്ടി
തനിക്ക് ഒരവസരംകൂടി തരണമെന്നാവശ്യപ്പെട്ട് കേണപേക്ഷിക്കുന്ന കാഴ്ചയാണ് കണ്ടത്. അവസാനംവരെ കാത്തിരുന്നെങ്കിലും അവസരം നല്‍കാത്തതിനാല്‍ ഒടുവില്‍ മേക്കപ്പ് അഴിച്ച് അവര്‍ മടങ്ങുകയായിരുന്നു. രണ്ടുപേര്‍ക്കും രണ്ട് നീതിയെന്നുപറഞ്ഞ് ഗോപികയുടെ രക്ഷിതാക്കളും അധ്യാപകരും പരാതിപറഞ്ഞെങ്കിലും സംഘാടകര്‍ അവരുടെ വേദന കേള്‍ക്കാതെപോയി.

RELATED NEWS

Leave a Reply