ഒരിക്കല്‍ നമ്മള്‍ കൂട്ടുകാരായിരുന്നു – അഷ്ടമൂര്‍ത്തി

article

എട്ടാംക്ലാസ്സുമുതല്‍ പത്തുവരെ ഒരുമിച്ചു പഠിച്ച ശങ്കരനാരായണന്‍ ഞാന്‍ ജോലിയെടുക്കുന്ന സ്ഥലത്തു വന്നു. രണ്ടു കൊല്ലം മുന്‍പത്തെ ഏപ്രില്‍ മാസത്തിലായിരുന്നു അത്. സ്‌കൂള്‍ വിട്ടതിനുശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നില്ല. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ശങ്കരനാരായണന്‍ ദല്‍ഹിയിലെവിടെയോ ആണ് എന്ന് ധരിച്ചിരുന്നു. പക്ഷേ, ഞങ്ങള്‍ തമ്മില്‍ ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല.ശങ്കരനാരായണന്റെ മകള്‍ അടുത്ത കോളേജില്‍ ഒരു പ്രവേശനപ്പരീക്ഷ എഴുതാന്‍ വന്നതായിരുന്നു. രണ്ടു മണിക്കൂര്‍ നേരം എന്തു ചെയ്യണം എന്നാലോചിച്ചപ്പോഴാണ് കോളേജിന്റെ അടുത്തുള്ള സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്യുന്നതെന്നറിഞ്ഞത്. തേടിപ്പിടിച്ചു വന്നതായിരുന്നു അയാള്‍.നാല്പതു കൊല്ലത്തെ വിടവുണ്ടായിരുന്നു ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്. പണ്ടത്തെ ശങ്കരനാരായണന്റെ രൂപം മാറി, പുതിയ ശങ്കരനാരായണനെ മനസ്സു സ്വീകരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു അയാള്‍. എട്ടാം ക്ലാസ്സില്‍ കാല്‍ക്കൊല്ലപ്പരീക്ഷയ്ക്ക് ഒരു വിഷയത്തിലൊഴികെ മറ്റെല്ലാത്തിലും അയാളായിരുന്നു ഒന്നാമന്‍. ചൊറിയും ചിരങ്ങും പിടിച്ച് ക്ലാസ്സുകള്‍ ധാരാളം മുടക്കിയിരുന്നു ഞാന്‍. ഞെട്ടലോടെയാണ് പരീക്ഷാഫലം ഞാനറിഞ്ഞത്. അരക്കൊല്ലപ്പരീക്ഷയായപ്പോഴേക്കും കുറച്ചൊക്കെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെങ്കിലും ശങ്കരനാരായണന്‍ അംഗീകരിക്കപ്പെടേണ്ട ഒരെതിരാളിതന്നെയായി തുടര്‍ന്നു.ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്കു കണക്കെടുത്തിരുന്നത് അനന്തനാരായണന്‍മാഷായിരുന്നു. കണക്കില്‍ എത്രയും മോശമായിരുന്നവര്‍ കൂടി ജയിക്കാന്‍ തക്കവണ്ണം സമര്‍ഥമായിരുന്നു മാഷടെ ശിക്ഷാരീതി. ശങ്കരനാരായണന് മാഷോട് അതിരു കടന്ന ഒരാരാധനയായിരുന്നു. പത്തിലെത്തിയതോടെ മാഷ് മാറി. ക്ലാസ്സ്മാഷ് കൂടിയായ ദേവസ്സിമാഷ് കണക്കെടുക്കാന്‍ തുടങ്ങിയതോടെ പലരും തോറ്റു. ദേവസ്സിമാഷെ മാറ്റി അനന്തനാരായണന്‍മാഷെ കിട്ടണമെന്ന് ഒരു നിവേദനം എഴുതിയുണ്ടാക്കാനും അത് ഹെഡ്മാഷക്ക് സമര്‍പ്പിക്കാനുമൊക്കെ ശങ്കരനാരായണനായിരുന്നു മുന്നില്‍. നിങ്ങള്‍ക്ക് ഞാനെടുക്കുന്നതൊന്നും മനസ്സിലാവുന്നില്ലേ എന്നു ചോദിച്ച് ദേവസ്സിമാഷ് ക്ലാസ്സില്‍ കരഞ്ഞു. ഏതായാലും നിവേദനംകൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല. കണക്കില്‍ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടത് സ്വയം ചിന്തിച്ചിട്ടാണെന്നും വായില്‍ കോരിയൊഴിച്ചിട്ടല്ലെന്നും പഠിപ്പിച്ചത് ദേവസ്സിമാഷാണെന്ന് പില്ക്കാലത്ത് ശങ്കരനാരായണനടക്കം ഞങ്ങള്‍ക്കൊക്കെ ബോധ്യപ്പെടുകയും ചെയ്തു.

ശങ്കരനാരായണന്റെ നിവേദനത്തില്‍ ഒപ്പുവെക്കാന്‍ ഞാന്‍ വിസമ്മതിച്ചതുകൊണ്ട് പകുതി പേരുടെ ഒപ്പുകളേ അയാള്‍ക്കു കിട്ടിയിരുന്നുള്ളൂ. എന്റെ ഒപ്പിനുവേണ്ടി അയാള്‍ എന്റെ മുന്‍പില്‍ നിന്നു കരഞ്ഞതും ദുര്‍ബലഹൃദയനായ ഞാന്‍ ഒപ്പിട്ടതും ഒക്കെ ഓര്‍മിക്കുകയായിരുന്നു ശങ്കരനാരായണനെ നേരില്‍ കണ്ടപ്പോള്‍. അക്കാര്യങ്ങളൊക്കെ വര്‍ത്തമാനത്തിലൂടെ ഞങ്ങള്‍ അയവിറക്കുകയും ചെയ്തു.ദല്‍ഹിയിലെ ഏതോ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ശങ്കരനാരായണനു ജോലി. അയാള്‍ വളരെ വലിയ ഒരു സ്ഥാനത്ത് എത്തേണ്ടതായിരുന്നു എന്ന് എനിക്കു തോന്നി. എന്തെല്ലാമോ ഭാഗ്യദോഷങ്ങള്‍ അയാളെ പിടികൂടിയിരിക്കണം. ശങ്കരനാരായണന് രണ്ടു പെണ്‍കുട്ടികളാണെന്നും ഭാര്യയും ജോലിയെടുക്കുന്നുണ്ടെന്നും ഒക്കെ വര്‍ത്തമാനത്തിനിടയ്ക്കു മനസ്സിലാക്കി. മൂത്തമകളാണ് പ്രവേശനപ്പരീക്ഷയെഴുതാന്‍ വന്നിരിക്കുന്നത്.പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഒന്നുരണ്ടു ഫോണ്‍വിളികള്‍ വന്നു. മൂര്‍ത്തിക്കു തിരക്കാണെങ്കില്‍ ഞാന്‍ പൊയ്‌ക്കോളാം എന്ന് ശങ്കരനാരായണന്‍ പറഞ്ഞു. ഒരു തിരക്കുമില്ലെന്ന് നടിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, മനസ്സ് അപ്പോഴും ശങ്കരനാരായണനെ സ്വീകരിക്കാന്‍ മടിച്ചുനിന്നു. ചിരിക്കുന്നുണ്ട്, വര്‍ത്തമാനം പറയുന്നുണ്ട്, പക്ഷേ ആ പഴയ ആളല്ല മുന്‍പിലിരിക്കുന്നത് എന്ന തോന്നല്‍. അയാള്‍ക്കും എന്തോ സംഭവിക്കുന്നുണ്ട് എന്നു തോന്നി. പന്ത്രണ്ടുമണിക്ക് പരീക്ഷ കഴിയും, കോളേജിനു മുന്നില്‍ എന്നെ കണ്ടില്ലെങ്കില്‍ മോള് പരിഭ്രമിക്കും എന്നൊക്കെ അയാള്‍ പറഞ്ഞു. സമയം അപ്പോള്‍ പതിനൊന്നു മണിയാവുന്നേയുള്ളൂ. ഓട്ടോറിക്ഷയില്‍ കയറിയാല്‍ മൂന്നു മിനിട്ടു നേരത്തേക്കുള്ള വഴിയേയുള്ളൂ കോളേജിലേക്ക്. അതെനിക്കും അയാള്‍ക്കും അറിയാം. എന്നിട്ടും അയാള്‍ പറയുന്നത് ശരിയാണല്ലോ എന്നു ഞാന്‍ നടിച്ചു. എന്‍.വി. കൃഷ്ണവാരിയരുടെ ‘സുഹൃത്സമാഗമം’ എന്ന കവിതയില്‍ ‘ബസ്സിനെത്രയോ നേരമിനിയും’ ഉണ്ടായിട്ടും ‘ബസ്സിന്നു സമയമായ്, പോകട്ടെ’ എന്നു യാത്രപറഞ്ഞ് ഇറങ്ങിയ സുഹൃത്ത് ‘തിരക്കാര്‍ന്ന ബസ്സ്റ്റാന്‍ഡിലേകാകിയായ് മുനിഞ്ഞിരിക്കു’കയാണല്ലോ ഉണ്ടായത്. അതുപോലെ ശങ്കരനാരായണനും സെന്റ് തോമസ് കോളേജിന്റെ മരങ്ങളില്ലാത്ത മുറ്റത്ത് വെയിലില്‍ ഏകനായി നിന്നിട്ടുണ്ടാവണം.ഇടയ്ക്കു വിളിക്കാം എന്നു പറഞ്ഞ് പരസ്​പരം മൊബൈല്‍ നമ്പര്‍ കൈമാറിയെങ്കിലും ഞങ്ങള്‍ പിന്നെ വിളിച്ചതേയില്ല. ആ കൂടിക്കാഴ്ചപോലും ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ഞാന്‍. അയാളും ഒരു പക്ഷേ, അങ്ങനെ ശ്രമിക്കുകയാവാം.
ശങ്കരനാരായണന്‍ ഒറ്റപ്പെട്ട സംഭവമല്ല. പണ്ടത്തെ കൂട്ടുകാരെ കാണുമ്പോള്‍ പലപ്പോഴും ഇതു സംഭവിച്ചിട്ടുണ്ട്. പഴയ കാലവും പുതിയ കാലവും കൂട്ടിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ ദയനീയമായി പരാജയപ്പെടാറുണ്ട്. എത്രയും വേഗം രക്ഷപ്പെട്ടാല്‍ മതി എന്ന തോന്നലാണ് പലപ്പോഴും രണ്ടുപേര്‍ക്കും ഉണ്ടാവാറുള്ളത്.
ഇത്രയും ഓര്‍മിച്ചത് ആന്ധ്രപ്രദേശിലെ കുപ്പത്തുള്ള ദ്രവീഡിയന്‍ സര്‍വകലാശാലയുടെ കാംപസ്സിലെ പുല്‍ത്തകിടിയില്‍ ഇരുന്നാണ്. അവിടെ പഠിക്കുന്ന കുട്ടികളും ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന ശ്രീനാഥും ഒപ്പമുണ്ടായിരുന്നു. നാട്ടിലേക്കു പോയിട്ട് കുറച്ചു കാലമായി എന്നും അധികം പോവാന്‍ തോന്നാറില്ല എന്നും ശ്രീനാഥ് പറഞ്ഞു. നെടുമ്പാശ്ശേരിയിലുള്ള തന്റെ വീടും അയല്‍വീടുകളും വൃദ്ധസദനങ്ങള്‍പോലെയായിട്ടുണ്ട്. ആ വീടുകളിലെയൊക്കെ കാര്യം നോക്കാന്‍ തന്റെ അനുജന്‍ മാത്രമേയുള്ളൂ. അതുകൊണ്ട് അവനെ എങ്ങോട്ടും പറഞ്ഞയയ്ക്കാന്‍ അവര്‍ക്കിഷ്ടമല്ല. താന്‍ നാട്ടില്‍ പോയിട്ട് ഒരു കാര്യവുമില്ല. നാട്ടില്‍ പോയാല്‍ത്തന്നെ കൂട്ടുകാരാരും അവിടെയില്ല.പക്ഷേ, കൂട്ടുകാരുമായുള്ള ബന്ധം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്ന് ശ്രീനാഥ് പറഞ്ഞു. ഒര്‍ക്കുട്ട് വഴി പണ്ട് രണ്ടാംക്ലാസ്സില്‍ ഒപ്പം പഠിച്ചവരുമായുള്ള ബന്ധം പോലും കൊണ്ടുനടക്കുന്നുണ്ട്. പക്ഷേ, നേരില്‍ കാണുന്നതു ചുരുക്കം. കഴിഞ്ഞതവണ നാട്ടില്‍ പോയപ്പോള്‍ അവിടെ കോളേജില്‍ ഒപ്പം പഠിച്ചിരുന്ന ഒരാളും നാട്ടിലുണ്ടെന്ന് ഒര്‍ക്കുട്ട് വഴി അറിഞ്ഞു. അവനെ ഒരു ഹോട്ടലില്‍വെച്ചു കാണാം എന്ന് തീരുമാനിക്കുകയും ചെയ്തു. പക്ഷേ, അവസാനനിമിഷം വേണ്ട എന്നു വെച്ചു. എന്തോ ഒരൊഴികഴിവു പറഞ്ഞ് രക്ഷപ്പെട്ടു.

സുഹൃദ്ബന്ധങ്ങള്‍ ഒര്‍ക്കുട്ട് വഴിയാണ് സുഖം എന്നാണ് ശ്രീനാഥിന്റെ പക്ഷം. എത്ര അകലെയുള്ളവരുമായും ബന്ധം സ്ഥാപിക്കാം. അകലെയും അടുത്തും ഉള്ളവരെ നമുക്കു വേണ്ടത്ര അകലത്തു നിര്‍ത്താം. വേണ്ട എന്നു തോന്നിയാല്‍ സൈന്‍ ഔട്ട് ചെയ്യാം. എത്ര സൗകര്യം!
ഈ സൈന്‍ ഔട്ട് ചെയ്യലാണ് പി.എ. ദിവാകരന്റെ ‘ഹോ, എന്തൊരു മനുഷ്യനാണ് ഈ മാധവേട്ടന്‍’ എന്ന കഥയിലെ റൂംമേയ്റ്റും ചെയ്യുന്നത്. അതുപക്ഷേ, നേരിട്ടാണെന്നു മാത്രം. വളരെക്കാലത്തിനു ശേഷം മാധവേട്ടനെ കണ്ടുമുട്ടുമ്പോള്‍ എങ്ങനെയാണ് അയാളെ ഒഴിവാക്കുക എന്നാണ് ആദ്യം റൂംമേയ്റ്റ് ചിന്തിക്കുന്നത്. അടുത്ത ദിവസംതന്നെ താന്‍ ഡല്‍ഹിയിലേക്ക് ആറു മാസത്തെ പരിശീലനത്തിനു പോവുകയാണെന്നു പറയുന്ന റൂംമേയ്റ്റ് താന്‍ ജോലിയെടുക്കുന്ന സ്ഥാപനത്തിന്റെ പേരും സ്ഥലവും തെറ്റിച്ചാണ് പറഞ്ഞുകൊടുക്കുന്നത്. ആറു മാസം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലം മാറാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ് മടങ്ങിയെത്തിയിട്ട് പുതിയ വിലാസം തരാം എന്നും പറയുന്നു. വീണ്ടും കണ്ടുമുട്ടുമ്പോള്‍ മാധവേട്ടന്റെ വിലാസം കുറിച്ചുവെച്ച ഡയറി നഷ്ടപ്പെട്ടുവെന്നും കളവു പറയുന്നു അയാള്‍. ഇനി മറക്കാതിരിക്കാന്‍ റൂംമേയ്റ്റിനു സ്ഥിരമായി ഒന്നു തരാം എന്നു പറഞ്ഞ് മാധവേട്ടന്‍ തന്റെ തലതന്നെ ഊരിയെടുത്ത് അയാളുടെ മടിയില്‍ വെച്ചുകൊടുത്തു. റൂംമേയ്റ്റാവട്ടെ, ആ തലയെടുത്ത് അകലേക്ക് വലിച്ചെറിഞ്ഞ് ആ ‘അനാവശ്യസൗഹൃദം’ ഒഴിവാക്കി അന്തിമവിജയം പ്രഖ്യാപിക്കുന്നു.
സഹപാഠികള്‍ മുന്‍ധാരണവെച്ച് വളരെക്കാലത്തിനു ശേഷം കണ്ടുമുട്ടുമ്പോള്‍ അതിലൊരാള്‍ പോലീസും മറ്റെയാള്‍ പിടികിട്ടാപ്പുള്ളിയും എന്ന നിലയില്‍ പഴയ കഥകളുണ്ട്.

 

RELATED NEWS

Leave a Reply