നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിന്റെ ജ്യാമാപേക്ഷ കോടതി തള്ളി

article

വടക്കാന്‍ചേരി : ലക്കിടി ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ചതിന് അറസ്റ്റിലായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാന്‍ചേരി മജിസ്ട്രേട്ട് കോടതി തള്ളി.
കേസില്‍ കോളജ് മാനേജര്‍ സുകുമാരനു മാത്രം ജാമ്യം അനുവദിച്ച കോടതി കോളജ് പിആര്‍ഒ വല്‍സകുമാറിനും കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടിക്കും കൃഷ്ണദാസിനൊപ്പം ജാമ്യം നിഷേധിച്ചിട്ടുണ്ട്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നുമുള്ള പോലിസിന്റെ വാദം അംഗീകരിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.
തന്നെ മര്‍ദിച്ചതായി ആരോപിച്ച്‌ നെഹ്റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലക്കിടി ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൃഷ്ണദാസിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

തൃശൂര്‍ റൂറല്‍ പോലിസ് മേധാവി എന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് പി കെ ദാസ് ആശുപത്രിയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് എരുമപ്പെട്ടി പോലിസ് സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൃഷ്ണദാസിനെ കൂടാതെ ലീഗല്‍ അസോഷ്യേറ്റ് സുചിത്ര, പാമ്പാടി നെഹ്റു കോളജിലെ കായികാധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സുകുമാരന്‍, പിആര്‍ഒ വല്‍സല കുമാരന്‍ എന്നിവരെയും ഇതൊടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ സഞ്ജിത്ത്, ശ്രീനിവാസന്‍ എന്നിവര്‍ കൂടി പിടിയിലാവാനുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിക്കാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. നെഹ്റു കോളജിലെ അന്യായ പണപ്പിരിവിനെതിരേ പരാതിപ്പെട്ട ഷഹീര്‍ ഷൗക്കത്തലിയെ പാമ്പാടി കോളജിലെ ഇടിമുറിയില്‍ വിളിച്ചുവരുത്തി കൃഷ്ണദാസും സംഘവും മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ മാനസികമായി തളര്‍ന്ന താന്‍ ആത്മഹത്യയെക്കുറിച്ച്‌ പോലും ചിന്തിച്ചതായും മുഖ്യമന്ത്രിക്കയച്ച പരാതിയിലുണ്ട്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാംപ്രതി കൂടിയാണ് കൃഷ്ണദാസ്.

RELATED NEWS

Leave a Reply