പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് ഹഡ്കോയുടെ സമൂഹനന്മ പ്രവര്‍ത്തനഫണ്ട് ലഭിച്ചു.

article

പെരിന്തല്‍മണ്ണ: ഹഡ്കോയുടെ 2016-17 വര്‍ഷത്തെ സമൂഹനന്മ പ്രവര്‍ത്തനഫണ്ട് (സി.എസ്.ആര്‍.) പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് ലഭിച്ചു. 71 ലക്ഷം രൂപയാണ് ഗ്രാന്റായി നഗരസഭയ്ക്ക് നല്‍കിയത്. പെരിന്തല്‍മണ്ണ പട്ടണത്തില്‍ സമ്പൂര്‍ണ വനിതാ വിശ്രമകേന്ദ്രം പണിയുന്നതിന് നഗരസഭ സമര്‍പ്പിച്ച പദ്ധതിക്കാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

ഹഡ്കോയില്‍നിന്ന് വായ്പയെടുക്കുന്ന സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടവിലെ കാര്യക്ഷമത, വായ്പ ഉപയോഗിച്ച്‌ നടപ്പാക്കുന്ന പദ്ധതികളുടെ മികവ്, നഗരസഭ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍, സമര്‍പ്പിക്കുന്ന പദ്ധതിയുടെ മേന്മ തുടങ്ങിയവ പരിഗണിച്ചാണ് ഗ്രാന്റ് ലഭിച്ചത്.

ഹഡ്കോയുടെ കേരള റീജ്യണ്‍ ഇതുസംബന്ധിച്ച്‌ സമര്‍പ്പിച്ച ശുപാര്‍ശ ഡല്‍ഹിയിലെ കേന്ദ്രഓഫീസ് വിശദമായി പരിശോധിച്ചാണ് പെരിന്തല്‍മണ്ണയെ തിരഞ്ഞെടുത്തതെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ പട്ടണത്തിലെത്തുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാനും അമ്മമാര്‍ക്ക് മുലയൂട്ടാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായാണ് വനിതാ വിശ്രമകേന്ദ്രം പണിയുന്നത്.

ഒരുകോടിയോളം ചെലവുവരുന്ന പദ്ധതിക്ക് തിരിച്ചടവു വേണ്ടാത്ത ഗ്രാന്റായാണ് 71 ലക്ഷം അനുവദിച്ചിരിക്കുന്നത്. നഗരസഭയുടെ ധന മാനേജ്മെന്റിനും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് ഗ്രാന്റ് പെരിന്തല്‍മണ്ണയ്ക്ക് നല്‍കുന്നതെന്ന് ഹഡ്കോ റീജ്യണല്‍ ചീഫ് ബീന ഫിലിപ്പ് പറഞ്ഞു.

തിരുവനന്തപുരം ഹഡ്കോ ഹെഡ്‌ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള സമ്മതപത്രം ബീന ഫിലിപ്പില്‍ നിന്നും നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം ഏറ്റുവാങ്ങി. ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ജോണ്‍ ജോസഫ്, കോശി വര്‍ഗീസ്, റോഹിന്‍ ജാഫ് എന്നിവരും പങ്കെടുത്തു.

RELATED NEWS

Leave a Reply