മദ്യശാലക്കായി നെല്‍വയല്‍ നികത്തി വഴി നിര്‍മാണം;നാട്ടുകാര്‍ പ്രതിക്ഷേധ സമരത്തിൽ

article

വടക്കഞ്ചേരി: മദ്യശാലക്കായി സംസ്ഥാന പാതയില്‍ നിന്നുള്ള ദൂര പരിധി മറികടക്കാന്‍ നെല്‍വയല്‍ നികത്തി വഴി നിര്‍മാണം. പ്ലാഴിയില്‍ ഗായത്രി പുഴയോരത്ത് ആരംഭിക്കാന്‍ നീക്കം നടക്കുന്ന മദ്യശാലക്കാണ് റവന്യൂ വകുപ്പിന്റെ ഈ സഹായം. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിക്ഷേധവുമായി രംഗത്തെത്തിയപ്പോള്‍ നിലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി.
എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും മണ്ണ് നീക്കം ചെയ്തിട്ടില്ല. നേരത്തെ ഇഷ്ടികചൂളയായിരുന്ന ഷെഡിലാണ് വിഷുതലേന്ന് മദ്യശാല ആരംഭിക്കാന്‍ ശ്രമം നടന്നത്. ഷെഡില്‍ മദ്യം ഇറക്കി പത്ത് മിനിറ്റ് സമയം വില്പനയും നടന്നു. വിവരമറിഞ്ഞ് സ്ത്രീകളുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ സംഘടിച്ച്‌ വില്ലന തടഞ്ഞു. തുടര്‍ന്നും ഇവിടെ രാപകല്‍ സമരം തുടരുകയാണ്. മദ്യത്തിന് കാവലായി ബീവറേജസിന്റെ സെക്യൂരിറ്റി ജീവനക്കാരുണ്ട്. ഷെഡിലേക്കുള്ള പ്രധാന ഗെയ്റ്റ് വെല്‍ഡ് ചെയ്ത് പൂട്ടിയിട്ടിരിക്കുകയാണ്.
ഈ പ്രധാന ഗെയ്റ്റും ആലത്തൂര്‍ പ്ലാഴി പഴയന്നൂര്‍ സംസ്ഥാന പാതയും തമ്മില്‍ 500 മീറ്റര്‍ അകലമില്ല.
ഇതിനാണ് പ്രധാന ഗെയ്റ്റ് അടച്ച്‌ 500 മീറ്റര്‍ അകലം മറികടക്കാന്‍ മറ്റൊരു സ്വകാര്യ വ്യക്തിയുടെ നെല്‍പാടം നികത്തി ഷെഡിലേക്ക് പുതിയ വഴി തുറന്നത്. നിയമവും ചട്ടവും ലംഘിച്ച്‌ മദ്യശാല തുടങ്ങിയതിനെതിരെ പുതുക്കോട് പഞ്ചായത്ത് സെക്രട്ടറി ബീവറേജസ് കോര്‍പ്പറേഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഷെഡില്‍ സൂക്ഷിച്ചിട്ടുള്ള മദ്യം മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് മദ്യശാല ആരംഭിക്കില്ലെന്ന വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുക്കാര്‍.

RELATED NEWS

Leave a Reply