“മഹാത്മന്‍ സ്വാതന്ത്ര്യത്തിന്‍റെ മധുരം നുണയുന്ന സുവര്‍ണ്ണ നിമിഷത്തില്‍ അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടാകണം-sreeja neyyattinkara

article

“മഹാത്മന്‍ സ്വാതന്ത്ര്യത്തിന്‍റെ മധുരം നുണയുന്ന സുവര്‍ണ്ണ നിമിഷത്തില്‍ അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടാകണം ” ഇത് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ മഹാത്മാഗാന്ധിയോടുള്ള വാക്കുകള്‍ 1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ ചെങ്കോട്ടയില്‍ ഇന്ത്യയുടെ ദേശീയ പതാക പാറിപ്പറക്കുമ്പോള്‍ ഗാന്ധിജി ഒപ്പമുണ്ടാകണമെന്ന് നെഹ്രു ആഗ്രഹിച്ചിരുന്നു ……….. ഏന്നാല്‍ ഗാന്ധിജി ആ സമയം നവഖാലിയില്‍ സമാധാന പ്രവര്‍ത്തനങ്ങളിലായിരുന്നു ” നവഖാലിയിലെ ജനങ്ങള്‍ക്കാണ് എന്നെ ഇപ്പോള്‍ ആവശ്യം ” ഏന്ന് പറഞ്ഞുകൊണ്ട് ഗാന്ധിജി നെഹ്രുവിനായി ഒരു സമ്മാനപ്പൊതി കൊടുത്തയച്ചു. ആ സമ്മാനപ്പൊതി തുറന്നു നോക്കിയ നെഹ്രുവിന് ആദ്യം ഒന്നും മനസിലായില്ല ……….. ഒരു ഇലയായിരുന്നു അത് ഹരിതകം അല്പം പോലും അവശേഷിക്കാത്ത ഉണങ്ങി അരിപ്പ പോലെയായ ഒരില …… ഒപ്പം ഒരു കുറിപ്പും ”പണ്ഡിറ്റ്ജി ഇതുപോലെ ആക്കിത്തീര്‍ക്കരുതേ എന്‍റെ ഇന്ത്യയെ ” ………… ഏന്നാല്‍ ഇന്നോ …….. ??
അനേകം സ്വാതന്ത്ര്യ സമരപോരാളികള്‍ സ്വന്തം രക്തം കൊടുത്ത് നേടിയെടുത്ത ഇന്ത്യ ……….അരയില്‍ നല്ലൊരു കഠാര കരുതാന്‍ സ്ത്രീകളോട് പറഞ്ഞ ഗാന്ധിജിയെപ്പോലെ ….. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ വെടി ഉതിര്‍ത്ത മംഗള്‍പാണ്ഡയെപ്പോലെ …………. ജാലിയന്‍ വാലാ ബാഗിലെ ഗോതമ്പു പാടങ്ങളില്‍ തൊഴിലാളികളെ കൊന്നു തള്ളിയ ജനറല്‍ ഡയറിയെ കൊല്ലാന്‍ നിശ്ചയിച്ച ഉദ്ദംസിങ്ങിനെപ്പോലെ …… സ്വാതന്ത്ര്യത്തിന്‍റെ ഗാനങ്ങള്‍ ഏഴുതിയതിന്‍റെ പേരില്‍ , നമ്മളാണ് ഈ നാടിന്‍റെ ഉടമകള്‍ ഏന്ന് പാടിയതിന്‍റെ പേരില്‍ ബ്രട്ടീഷുകാര്‍ പന്നിനെയ്യ് പുരട്ടിയതിനുശേഷം കൊന്നുകളഞ്ഞ അജിമുല്ലാഖാനെപ്പോലെ …………….. അങ്ങനെ അങ്ങനെ ധാരാളംപേര്‍ സ്വന്തം ജീവന്‍ കൊടുത്ത് നേടിയ സ്വാതന്ത്ര്യം ……….. ആ സ്വാതന്ത്ര്യം ഇന്ന് നമുക്കനുഭവിക്കാന്‍ കഴിയുന്നുണ്ടോ ……?
ഓരോ സ്വാതന്ത്ര്യദിനങ്ങളും ഗംഭീരമായി ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക ……. വെള്ളക്കാരുടെ കയ്യില്‍ നിന്നും നമുക്ക് കിട്ടിയ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കൊള്ളക്കാര്‍ നമ്മെ അനുവദിക്കുന്നുണ്ടോ…… ? എന്തിന് സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന മിടായിയുടെ നൈമിഷികമായ മധുരമെങ്കിലും ഉണ്ടോ നമ്മുടെ സ്വാതന്ത്ര്യത്തിന് …… ? പൊക്കിളിന് തൊട്ടു താഴെ വിശപ്പിന്‍റെ വിളിയെ കെട്ടിയിട്ട രേഖകള്‍ നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യത്തെയാണോ ……..? ഒരു തുള്ളി വെള്ളം കുടിക്കാന്‍ കോര്‍പ്പറേറ്റ് മുതലാളിമാരോട് കൈ നീട്ടുന്ന സ്വാതന്ത്ര്യത്തെയാണോ …..? മദ്യത്തിന്‍റെ അളവ് കൂട്ടുകയും വെള്ളത്തിന്‍റെ അളവ് കുറക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യത്തെയാണോ …..? ഈ നാട്ടിലൂടെ ഒന്ന് സഞ്ചരിക്കാന്‍ കപ്പം കൊടുക്കേണ്ടി വരുന്ന, സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സ്വാതന്ത്ര്യത്തെയാണോ ……..? അടിസ്ഥാന സൗകര്യങ്ങളെല്ലാം കമ്പോളത്തിന്‍റെ കയ്യില്‍ കൊടുത്ത സ്വാതന്ത്ര്യത്തെയാണോ …….? ചവിട്ടി നില്‍ക്കാനുള്ള മണ്ണ് നഷ്ടപ്പെട്ടവന്‍റെ നിലവിളിയുടെ സ്വാതന്ത്ര്യത്തെയാണോ ……..? ആദിവാസിപ്പെണ്ണിന്‍റെ ഗര്‍ഭത്തില്‍ ഉരുവാകും മുന്‍പ് ഒടുങ്ങാന്‍ വിധിക്കപ്പെട്ട ശൈശവത്തിന്‍റെ മരണപ്പിടച്ചിലിന്‍റെ സ്വാതന്ത്ര്യത്തെയാണോ ………? ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന പാവങ്ങളുടെ ദീനരോദനങ്ങളുടെ സ്വാതന്ത്ര്യത്തെയാണോ …….? വികസനത്തിന്‍റെ പേരില്‍ ആട്ടിയിറക്കപ്പെട്ടവരുടെ അലറിക്കരച്ചിലിന്‍റെ സ്വാതന്ത്ര്യത്തെയാണോ …….? മാനത്തിനായി കേഴുന്ന പെണ്ണിന്‍റെ നിസ്സഹായതയുടെ സ്വാതന്ത്ര്യത്തെയാണോ ……..? വന്‍ കമ്പനികളുടെ വിസര്‍ജ്ജനം ചുമക്കുന്ന പുഴകളുടെ , മണലൂറ്റ് കാരണം അകാലത്തില്‍ മരിക്കേണ്ടിവരുന്ന ജീവന്‍ തുടിക്കുന്ന സങ്കേതങ്ങളുടെ അലറിക്കരച്ചിലിന്‍റെ സ്വാതന്ത്ര്യത്തെയാണോ ………. വെട്ടി വെളുപ്പിച്ച കാടും പുല്‍മേടും കാണുമ്പോള്‍ പക്ഷി മൃഗാദികളുടെ ഉള്ളില്‍ നിന്നുതിര്‍ന്നു വീഴുന്ന നെടുവീര്‍പ്പിന്‍റെ സ്വാതന്ത്ര്യത്തെയാണോ ………? ഭൂഗര്‍ഭ ജലത്തെ താങ്ങാനുള്ള ശക്തി നഷ്ടപ്പെട്ട പാറക്കൂട്ടങ്ങളുടെ രൌദ്രഭാവത്തിന്‍റെ സ്വാതന്ത്ര്യത്തെയാണോ …….? അതോ പെറ്റമ്മയെ പിച്ചി ചീന്തുന്നതിന് കൂട്ടുനിന്ന ,അച്ചാരം വാങ്ങിയ മാഫിയകളുടെയും രാഷ്ട്രീയ ഉദ്യോഗസ്ഥ മേലാളന്മാരുടെയും ഹൂങ്കിന്‍റെ സ്വാതന്ത്ര്യത്തെയാണോ ………? അതോ നാടിനെ ഭരിച്ച് മുടിച്ച ഭരണ കര്‍ത്താക്കളുടെ ,ജനദ്രോഹപരമായ നയങ്ങളുടെ സ്വാതന്ത്ര്യത്തെയാണോ വന്ദേമാതരം പാടി ആഘോഷിക്കുന്നത് ……. !!!
അതെ മധുസൂദനന്‍ നായര്‍ പാടിയതുപോലെ താന്‍ തീര്‍ത്ത വറചട്ടിയില്‍ വീണു താനേ പുകയുന്നു ഗാന്ധി – ഓര്‍ക്കുക ഗാന്ധിജി ആശങ്കപ്പെട്ടത്‌ സംഭവിച്ചിരിക്കുന്നു ഉണങ്ങിയ ഏല്ലാം നഷ്ടപ്പെട്ട അരിപ്പ പോലുള്ള ഒരു ഇലയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ത്യ ……. ആ ഇന്ത്യയെ രക്ഷപ്പെടുത്തേണ്ടത് ഓരോ പൗരന്‍റെയും കടമയാണ് …….. അതിനുള്ള പരിശ്രമത്തിന്‍റെ തുടക്കമാകട്ടെ ഈ സ്വാതന്ത്ര്യദിനം ………..

RELATED NEWS

Leave a Reply