മോഹനിയാട്ടത്തിന് തനതു രൂപം നൽകിയ മഹാപ്രതിഭയും നർത്തകിയുമായ കലാമണ്ഡലം സത്യഭാമ

article

മോഹനിയാട്ടത്തിന് തനതു രൂപം നൽകിയ മഹാപ്രതിഭയും നർത്തകിയുമായ കലാമണ്ഡലം സത്യഭാമ (77) കാലയവനികക്കുള്ളിൽ മറഞ്ഞു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 2.30 നായിരുന്നു അന്ത്യം. ഉദരസംബന്ധമായ രോഗമാണ് മരണകാരണം.കുറച്ചു ദിവസങ്ങളായി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഷൊർണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു സത്യഭാമ ടീച്ചർ.
1951 മുതൽ 6 വർഷം വിദ്യാർത്ഥിയായും പഠന ശേഷം ദീർഘകാലം കേരള കലാമണ്ഡലത്തിൽ നൃത്ത അധ്യാപികയും, കലാമണ്ഡലം കൽപ്പിത സർവ്വകലാശാല ആയതിനു ശേഷം പ്രത്യേക ക്ഷണിതാവും ആയിരുന്നു. സത്യഭാമ മോഹനിയാട്ടം എന്നാ നൃത്തരൂപം കേരളത്തനിമയോടെ അവതരിപ്പിക്കാൻ ശ്രമിച്ചതോടൊപ്പം മുടികെട്ടലിലും വസ്ത്രത്തിലും മാറ്റങ്ങൾ വരുത്തി. കലാമണ്ഡലത്തിൽ അധ്യാപികയായ സത്യഭാമ നിരവധി കവിതകൾ മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അന്തരിച്ച പ്രശസ്ത കഥകളി കലാകാരന്‍ കലാമണ്ഡലം പത്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്. മോഹനിയാട്ടത്തെ കഥകളിയില്‍ നിന്ന് മോചിപ്പിച്ച് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നര്‍ത്തകിയാണ്.

ഭരതനാട്യ പഠനത്തിലൂടെയാണ് കലാരംഗത്തേക്ക് വന്നതെങ്കിലും പിന്നീട് മോഹിനിയാട്ടത്തിലൂടെ അറിയപ്പെട്ടു. അടവ്, ചൊല്‍ക്കെട്ട്, ജതിസ്വരം എന്നിവ പുതിയ രീതിയില്‍ അവതരിപ്പിച്ചു. മോഹിനിയാട്ട ശൈലിയിൽ തന്റേതായ പരിഷ്കാരങ്ങൾ വരുത്തിയ ചിന്നമ്മു ടീച്ചർക്ക് ശേഷം നാട്യധർമ്മിയും ലോകധർമ്മിയും സമന്വയിപ്പിച്ച് മോഹിനിയാട്ടത്തെ ജനകീയവൽക്കരിക്കുന്നതിന് കലാമണ്ഡലം സത്യഭാമ ടീച്ചർ ചെയ്ത പങ്ക് എടുത്തു പറയേണ്ടതാണ്. നിരവധി വർണ്ണങ്ങളും പദങ്ങളും ചിട്ടപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ സത്യഭാമ ടീച്ചർ നിരവധി അരങ്ങുകളിലും തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.മഹാകവി വള്ളത്തോളിനൊപ്പം നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. 1976 ൽ കേരള സംഗീതനാടക അക്കാദമിയുടെയും 1994 ൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും മോഹിനിയാട്ട അവാർഡ് സത്യഭാമക്കായിരുന്നു. 2005 ൽ ആദ്യത്തെ കേരള സർക്കാർ നൃത്തനാട്യ പുരസ്ക്കാരവും സത്യഭാമയെ തേടിയെത്തി. കലാമണ്ഡലത്തിനു വേണ്ടി കൂത്തമ്പലത്തിൽ വെച്ച് പി മുരളിമോഹൻ ദൃശ്യാവിഷ്കാരം നൽകിയ 36 മണിക്കൂർ മോഹിനിയാട്ടം ഡോക്യുമെന്റെഷനിലാണ് ടീച്ചർ അവസാനമായി ചിലങ്കയണിഞ്ഞത്. സംസ്ഥാന സർക്കാറിന്റെ നൃത്തനാട്യ പുരസ്കാരം ആദ്യമായി ലഭിച്ചത് സത്യഭാമ ടീച്ചർക്കായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ആദ്യ വൈസ് പ്രിന്‍സിപ്പാളായിരുന്നു. കലാമണ്ഡലത്തില്‍ പഠിച്ച് അവിടെ തന്നെ കലാമണ്ഡലം പ്രിന്‍സിപ്പാളായി സ്ഥാനമേറ്റു. 1992 ല്‍ ഇതേ പദവില്‍ ഇരുന്നാണ് സത്യഭാമ ടീച്ചർ വിരമിച്ചത്. 2014ൽ ഭാരത സർക്കാറിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീ നൽകി രാഷ്ട്രം ആദരിക്കുകയുണ്ടായി. മോഹിനിയാട്ടത്തിന്റെ വേഷവിധാനങ്ങളിലും കേശാലങ്കാരങ്ങളിലും പരിഷ്കാരങ്ങൾ വരുത്തി കഥകളിയുടെ അരങ്ങിൽ നിന്നും മോഹിനിയാട്ടത്തെ മോചിപ്പിച്ച്‌ പുതിയ അടവുകളും മുദ്രകളും ഉണ്ടാക്കി കൊണ്ട് കലാമണ്ഡലം ശൈലി കൊണ്ട് വന്നതും സത്യഭാമ ടീച്ചറാണ്. “മോഹിനിയാട്ടം; ചരിത്രം സിദ്ധാന്തം പ്രയോഗം” എന്നൊരു പുസ്തകവും അവർ എഴുതിയിട്ടുണ്ട്. 1937 ൽ നവംബർ 4 ന് തലശ്ശേരി കടമ്പാട്ട് കൃഷ്ണൻനായരുടെയും അമ്മ വേണാട്ട് അമ്മിണി അമ്മയുടെയും മകളായി ജനിച്ചു. 1951 ലാണ് കേരള കലാമണ്ഡലത്തിൽ ചിന്നമ്മു അമ്മക്ക് കീഴിൽ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയത്. മക്കൾ; വേണുഗോപാലൻ, കലാമണ്ഡലം ലതിക, രാധിക, ശശികുമാർ. ഞായറാഴ്ച കേരള കലാമണ്ഡലത്തിൽ പൊതു ദർശനത്തിന് വെച്ച ശേഷം 4 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കുകൊണ്ടു.

 

RELATED NEWS

Leave a Reply