വൈ.എ.റഹീമിനും ബിജു മുത്തത്തിക്കും എം.വി.ആർ.സ്‌മൃതി അവാർഡ്

article

ഷാർജ: മുൻ മന്ത്രിയും സി.എം.പി.നേതാവുമായിരുന്ന എം.വി.രാഘവന്റെ പേരിലുള്ള മൂന്നാമത് ‘എം.വി.ആർ.സ്‌മൃതി ഫൗണ്ടേഷൻ’ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ, മാധ്യമ പ്രവർത്തകർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. കൈരളി ചാനൽ തിരുവനന്തപുരം ന്യൂസ് ഡെസ്കിലെ ചീഫ് ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് ബിജു മുത്തത്തിക്കാണ് മാധ്യമ രംഗത്തുള്ള അവാർഡ്. സാമൂഹ്യ പ്രവർത്തനത്തിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അർഹനായി. കൈരളി പീപ്പിൾ ടി.വിയിൽ പ്രതിവാര ഡോക്കുമെന്ററി യായി സംപ്രേഷണം ചെയ്യുന്ന ‘കേരള എക്സ്പ്രസ്’ പരമ്പരയുടെ സംവിധായകനും അവതാരകനുമാണ് ബിജു മുത്തത്തി. കേരളത്തിന്റെ മുഖ്യധാരയിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന പുറത്താക്കപ്പെട്ടതോ രേഖപ്പെടുത്താതെ പോയതോ ആയ ജീവിതകാഴ്ചകളാണ് കേരള എക്സ്പ്രസിൽ അവതരിപ്പിക്കുന്നത്. കാനായി മുത്തത്തി സ്വദേശിയാണ് ബിജു. യുഎഇയിലുള്ള ഇന്ത്യക്കാർക്കുവേണ്ടി നടത്തുന്ന സേവനങ്ങളെ മുൻനിർത്തിയാണ് വൈ.എ.റഹീമിനെ എം.വി.ആർ. സ്‌മൃതി അവാർഡിന് അർഹനാക്കിയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിൽ 13 തവണ പ്രസിഡന്റും മൂന്നുതവണ ജനറൽ സെക്രട്ടറിയുമായിരുന്ന വൈ.എ.റഹീം ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനത്തിന് പ്രധാന പങ്കുവഹിച്ചിരുന്നു. 38 വർഷമായി യുഎഇയിലുള്ള റഹീം കൊല്ലം മൈനാഗപ്പള്ളി സ്വദേശിയാണ്.
ഈ മാസം 22 നു വ്യാഴം ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും. ഡോ.ആസാദ് മൂപ്പൻ, പി.പി.ശശീന്ദ്രൻ, എം.വി.നികേഷ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നടൻ ജയരാജ് വാര്യർ അവതരിപ്പിക്കുന്ന കാരിക്കേച്ചർ ഷോ ഉണ്ടായിരിക്കും.

RELATED NEWS

Leave a Reply