സ്വപ്‌നത്തിലെ കനി – എന്‍ .ശശിധരന്‍

article

പ്രകൃതിയോടും പ്രകൃതിയിലെ സസ്യജാലങ്ങളോടും പൂക്കളോടും കായ്കനികളോടുമുള്ള ആത്മബന്ധം ചിലപ്പോഴെങ്കിലും എന്നെ ലജ്ജിപ്പിക്കാറുണ്ട്. സ്വന്തമാക്കാനും അനുഭവിക്കാനും ആഗ്രഹമില്ലാത്ത വസ്തുക്കളും സാന്നിധ്യങ്ങളും മിക്കവാറും എല്ലാ മനുഷ്യരിലും നിര്‍മമമായ അകല്‍ച്ചയും ഉദാസീനതയുമാണ് ഉണ്ടാക്കുക. പക്ഷേ, ഭൂമിയില്‍ ഞാന്‍ കണ്ട ചെറിയ ചുറ്റുവട്ടത്തില്‍, സാക്ഷിയാകാനിടവന്ന ഓരോ മരവും ചെടിയും വള്ളിയും ഇലയും പൂവും കായും ഓര്‍മയിലും ബോധത്തിലും ഞാനിപ്പോഴും പേറിനടക്കുന്നുണ്ട്. അതിശയോക്തി അല്ലെന്ന് എനിക്കു മാത്രം അറിയാവുന്ന ആ സത്യം ഏറ്റുപറയുന്നതില്‍ ജാള്യതയുണ്ട്. ബുദ്ധികൊണ്ടും ശരീരംകൊണ്ടും അറിഞ്ഞനുഭവിച്ച സുഖസായുജ്യങ്ങളെക്കാള്‍, ഈ സാക്ഷ്യങ്ങള്‍ എന്നെ ആനന്ദിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്.ഈയിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടയില്‍, തിരുവനന്തപുരത്തെ കൈരളി തിയേറ്ററില്‍നിന്നിറങ്ങി തിരക്കുകളില്‍നിന്ന് ഒഴിഞ്ഞ് സ്വസ്ഥമായി മൂത്രമൊഴിക്കാനായി ഇടതുവശത്തെ ഒഴിഞ്ഞ പറമ്പിലേക്കു ചെന്നു. കണ്ടിറങ്ങിയ പടം ഏല്പിച്ച ചെറിയ ആഘാതവും എന്നെ തളര്‍ത്തിയിരുന്നു. തലേരാത്രിയിലുണ്ടായ ശക്തിയായ വയറിളക്കത്തിന്റെ നിര്‍ജലീകരണം ശരീരത്തെ ബാധിച്ചിരുന്നു. ചുടുകട്ടകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ അരമതിലിനിപ്പുറത്ത് കാട്ടുചെടികളും പുല്ലുകളും വളര്‍ന്ന് നില്ക്കുന്ന ഒരു മൂലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ടു കാറുകളുടെ മറവില്‍ മൂത്രമൊഴിച്ചുകൊണ്ടു നില്‌ക്കേ, വിചിത്രമായ ഒരു കാഴ്ചയ്ക്ക് ഞാന്‍ സാക്ഷിയായി: മതിലിനപ്പുറത്തെ വീടല്ലാത്ത ഏതോ കെട്ടിടത്തിനു മുന്നില്‍ കഷ്ടിച്ച് ഒന്നരയാള്‍ പൊക്കമുള്ള ഒരു തൈമാവ് അടിമുടി കായ്ച്ചുനില്ക്കുന്നു. നെല്ലിക്കയോളം വലിപ്പമുള്ളതും അതിലും ചെറുതുമായി, ഓട്ടുനിറം കലര്‍ന്ന പച്ചയോടെ അനേകം ഉണ്ണിമാങ്ങകള്‍, ഒട്ടും ബലിഷ്ഠമല്ലാത്ത ചെറുചില്ലകളിലിരുന്നാടുന്നു. ഇളംപ്രായത്തില്‍ മാതൃത്വം വരിക്കേണ്ടിവന്ന ഒരു കന്യകയുടെ കുറ്റബോധം അതിന്റെ കൂമ്പിവിളറിയ ഇലകളില്‍ തുടിച്ചുനിന്നു. ആ കാഴ്ച എനിക്കു തന്ന സ്വാസ്ഥ്യവും വിശ്രാന്തിയും എത്രയെന്നും, എങ്ങനെയെന്നും എഴുതാനാവില്ല. തിരുവനന്തപുരത്ത് എത്തിപ്പെട്ടത് അപൂര്‍വമായ ഈ കാഴ്ചയ്ക്കു വേണ്ടിയാണെന്നുപോലും തോന്നിപ്പോയി. അടുത്ത സിനിമ കാണേണ്ടെന്നു വെച്ച്, മുറിയില്‍ ചെന്ന് ഒന്നും വായിക്കാനാവാതെ, ഉറങ്ങാനാവാതെ മലര്‍ന്നു കിടക്കുമ്പോള്‍, ‘മാവിന്‍ചുന മണക്കുന്ന മേടത്തിന്‍മടിയില്‍ പിറന്നോന്‍ ഞാന്‍’ എന്ന വൈലോപ്പിള്ളിയുടെ വരികള്‍ ഓര്‍മയില്‍ ഇടയ്ക്കിടെ തികട്ടിയെത്തി. വൃശ്ചികം കഴിഞ്ഞിട്ടും ഞാന്‍ പിന്നിട്ട വഴികളിലെവിടെയും ഒരു മാവോ പ്ലാവോ കായ്ച്ചുകണ്ടില്ലല്ലോ എന്നു ഖേദത്തോടെ ഓര്‍ക്കുകയും ചെയ്തു.മനുഷ്യനായിരിക്കുന്നതിലെ വലുതായ ആനന്ദം നന്നേ ചെറിയ പ്രായം മുതല്‌ക്കേ ഞാന്‍ അറിഞ്ഞത് പ്രകൃതിസാന്നിധ്യങ്ങള്‍ക്കു മുന്നിലാണ്. വൃശ്ചികക്കുളിരില്‍ പ്ലാവിന്‍ചുവട്ടില്‍ മുളപൊട്ടുന്ന ചക്കപ്പൂതലുകള്‍ (ഇടിച്ചക്ക എന്ന തെക്കന്‍പേര് കേള്‍ക്കുമ്പോള്‍ എക്കാലത്തും അരിശം തോന്നിയിട്ടുണ്ട്.) വിശുദ്ധിയുടെയും സൗഖ്യത്തിന്റെയും സ്വാര്‍ഥലേശമില്ലാത്ത സ്വയം സമര്‍പ്പണത്തിന്റെയും ആദിരൂപമായി എന്നോ മനസ്സില്‍ കുടിയേറിയതാണ്. അവനവനെ പൂര്‍ണമായും വിസ്മരിച്ച് കളങ്കമേശാത്ത മനസ്സുമായി എത്രനേരം വേണമെങ്കിലും അവയ്ക്കുമുന്നില്‍ നില്ക്കാന്‍ എനിക്കാവും. പൂതലിന്റെ സൂചീമുഖത്വം പിന്നിട്ട് ‘കരൂള്‍’ പരന്നുവിടര്‍ന്ന് മൂക്കുന്നതുവരെ ചക്കയുടെ ഏത് ഘട്ടത്തിലുള്ള കാഴ്ചയും കണ്ണുകളുടെ ഉത്സവംതന്നെ. പൂത്തുവിരിഞ്ഞ് മുളനീട്ടുന്ന കശുമാവിന്റെ (ഞങ്ങളുടെ പൃത്തിക്കമാവ്) കിളുന്നുപോലുള്ള അണ്ടികളെക്കാള്‍ അശരണരായി മറ്റൊരു പഴവും പ്രകൃതിയിലില്ലെന്നു തോന്നാറുണ്ട്. വേനല്‍ക്കാലത്ത് വെള്ളരിപ്പാടങ്ങളില്‍ കൃഷിചെയ്യുന്ന ചീരയും വെണ്ടയും കയ്പയും ഇളവനും മത്തനും താലോരിക്ക (പൊട്ടിക്ക)യും പടവലങ്ങയും അവയുടെ കേവലമായ സാന്നിധ്യംകൊണ്ടുമാത്രം എന്നെ അടിമുടി സന്തോഷിപ്പിക്കാറുണ്ട്. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായുള്ള നഗരജീവിതം ഓരോ അണുവിലും ഈ നഷ്ടം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇറച്ചിമാര്‍ക്കറ്റിലേക്കാള്‍ ഹിംസാത്മകമായ പെരുമാറ്റംകൊണ്ട് മനംമടുപ്പിക്കുന്ന പച്ചക്കറിക്കടകള്‍ ഉപേക്ഷിച്ച്, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹാഷിംക്ക എന്നൊരാളുടെ ചന്തയില്‍നിന്നാണ് ഞാന്‍ പച്ചക്കറികള്‍ വാങ്ങുക. വാങ്ങാനെന്നതിനെക്കാള്‍ കാണാനാണ് നിത്യവും ഞാനവിടെ ചെല്ലുക. പലപ്പോഴും വാങ്ങുന്നത് പച്ചക്കറികളല്ല, പച്ചക്കറികളുടെ ശവങ്ങളാണ് എന്നു തോന്നിപ്പോകും. നഗരത്തിലെ ഇടവഴികളിലും തിരക്കൊഴിഞ്ഞ മൂലകളിലും ചെറിയൊരു സ്റ്റൂളും മുന്നില്‍ ഒന്നോ രണ്ടോ ചാക്കുകളുമായി വന്നിരുന്ന് കണ്ണിമാങ്ങയും നെല്ലിക്കയും മധുരക്കിഴങ്ങും പുളിയിഞ്ചിയും ഇടയ്ക്ക് തവരയും കൂര്‍ക്കലും മറ്റും വില്ക്കുന്ന നാട്ടിന്‍പുറത്തുകാരായ ചില കച്ചവടക്കാരുണ്ട്. അങ്ങോട്ടു ചെന്ന് സൗഹൃദമുണ്ടാക്കി അവരുടെ മുന്നില്‍ ഞാന്‍ വളരെ നേരം സംസാരിച്ചുനില്ക്കും. ഒരു കിലോ മധുരക്കിഴങ്ങോ അരക്കിലോ കണ്ണിമാങ്ങയോ വാങ്ങുമ്പോള്‍, വാങ്ങുന്നത് നഷ്ടപ്പെട്ട ഒരു ഭൂതകാലം മുഴുവനുമാണെന്ന് അറിയും. വീടെത്തി, കണ്ണിമാങ്ങയുടെ ചുന കവിളില്‍ തേച്ച് പണ്ടത്തെപ്പോലെ പൊള്ളുമോ എന്നു പരീക്ഷിക്കുമ്പോള്‍, കവിള്‍ പൊള്ളിയില്ലെങ്കിലും അകംപൊള്ളും. ബോധാബോധങ്ങളുടെ അടരുകളേയും ആഴങ്ങളേയും പ്രകമ്പനം കൊള്ളിച്ചുണര്‍ത്തുന്ന ചുനമണം നഷ്ടങ്ങളുടെ താഴ്‌വാരങ്ങളിലേക്കു തുറക്കുന്ന വാതിലാണ്. എണ്ണമറ്റ വൃക്ഷങ്ങളുടെയും ചെടികളുടെയും പൂക്കളുടെയും കായ്കളുടെയും പേരുകള്‍പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്തവിധം, കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ എന്നെ ബാധിച്ച വിസ്മൃതിപോലെ ദുഃഖകരമായ മറ്റൊന്നും ഞാനിപ്പോള്‍ അഭിമുഖീകരിക്കുന്നില്ല. മറവിപോലെ ആകുലമായ ഓര്‍മ മറ്റെന്തുണ്ട്?

ഭൗതികജീവിതത്തിലെ പരാജയങ്ങളും പരിതോവസ്ഥകളും അതിജീവിക്കാന്‍ പലപ്പോഴും എന്നെ സഹായിക്കാറുള്ളത് സ്വപ്‌നങ്ങളാണ്. മൂന്നാഴ്ചകള്‍ക്കു മുന്‍പ് കണ്ട ഒരു സ്വപ്‌നം എെന്ന, ഒരേസമയം സന്തോഷിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. ‘As The Shadaw Lengthens’ എന്ന് ഒട്ടും കമനീയമല്ലാത്ത അക്ഷരങ്ങളില്‍ എഴുതിവെച്ച മരംകൊണ്ടുണ്ടാക്കിയ ഒരു ചൂണ്ടുപലകയ്ക്കു താഴെ ഒരു നാല്‍ക്കൂട്ടപ്പെരുവഴിയില്‍ ജീപ്പുപോലുള്ള ഒരു വാഹനത്തില്‍, മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു തൊട്ടടുത്തായി ഞാന്‍ ഇരിക്കുകയാണ്. ചൂണ്ടുപലകയില്‍ സ്ഥലപ്പേരിനു പകരം ‘നിഴലുകള്‍ക്ക് നീളം കൂടുമ്പോള്‍’ എന്നെഴുതിവെച്ചതിലെ അസംബന്ധം എന്നെ അസ്വസ്ഥനാക്കിയിരുന്നു. ചോദ്യഭാവത്തില്‍ ഞാന്‍ നോക്കിയ ഡ്രൈവറുടെ മുഖത്ത്, ‘ഒന്നും പറയേണ്ട, നിങ്ങള്‍ക്ക് വേണ്ടതെന്താണെന്ന് എനിക്കറിയാം’ എന്ന ധാര്‍ഷ്ട്യമാണു കണ്ടത്. എനിക്ക് എന്തെങ്കിലും പ്രതികരിക്കാന്‍ ഇടകിട്ടുംമുന്‍പ് ഡ്രൈവര്‍ വണ്ടി ‘സ്റ്റാര്‍ട്ടു’ ചെയ്തുകഴിഞ്ഞിരുന്നു. ചെറിയ കുന്നുകളും ചില വളവുകളും കഴിഞ്ഞ്, ചെങ്കുത്തായ ഒരു താഴ്‌വരയിലേക്കു വണ്ടി കുതിക്കുകയായിരുന്നു. തുമ്പപ്പൂ വിതറിയതുപോലെ മഞ്ഞിന്റെ നേരിയ പാളികള്‍ വീണുകിടന്ന പ്രകൃതി, പച്ചപ്പിന്റെ ഉര്‍വരതകൊണ്ട് എന്നെ പ്രലോഭിപ്പിച്ചുതുടങ്ങി. ഇരൂള്‍മരത്തിന്റെ നിബിഡമായ പച്ചിലച്ചാര്‍ത്തുമായി സ്വപ്‌നത്തിലും ഞാനവയെ താരതമ്യംചെയ്യുന്നുണ്ട്; ഈ ഹരിതവന്യതയ്ക്കു മുന്നില്‍, എന്റെ അറിവിലെ കാടും മരങ്ങളും എത്ര നിസ്സാരം എന്ന് അദ്്ഭുതപ്പെടുകയും. പൊടുന്നനെ റോഡിനിടതുവശത്ത് എന്റെ കണ്ണുകള്‍ക്ക് എത്തിപ്പെടാവുന്നിടത്തോളം പരന്നുകിടന്ന പന്തലുകളുടെ ഒരു ശ്രേണി പ്രത്യക്ഷമായി. കുരുന്നിലകളുള്ള വള്ളിയില്‍ വളരുന്ന, വിചിത്രമായ ഒരു സസ്യം ആ പന്തലുകളില്‍ ഇടതൂര്‍ന്ന് വളര്‍ന്നിരുന്നു. ജലാംശം മുറ്റിനില്ക്കുന്ന ഇരുണ്ട പച്ചപ്പുള്ള വള്ളികള്‍ക്കിടയില്‍നിന്ന് വെള്ളരിക്കയുടെ മൂന്നിലൊന്നോണം വലിപ്പമുള്ള മുഴുത്തു നീണ്ട കായകള്‍ തലനീട്ടുന്നു. മഞ്ഞ കലര്‍ന്ന ഒരുതരം വയലറ്റ് നിറമായിരുന്നു അവയ്ക്ക്. ചെറുതിനു കരിംപച്ച നിറവും. വണ്ടി ഓടിക്കൊണ്ടിരുന്നു. തലയില്‍ വലിയ ഒരു ഷാള്‍കൊണ്ട് മൂടിക്കെട്ടി, വെള്ളനിറത്തിലുള്ള അയഞ്ഞുനീണ്ട അംഗവസ്ത്രം ധരിച്ച്, മുതുകില്‍ തൂക്കിയിട്ട പനമ്പുകൊട്ടകളുമായി ഒരേ പ്രായം തോന്നിക്കുന്ന സ്ത്രീകള്‍, വയലറ്റ് നിറമുള്ള ആ പഴം പറിച്ചു കൊട്ടയിലിട്ടുകൊണ്ടിരുന്നു. അവരുടെ മുഖഭാവങ്ങളും ചേഷ്ടകളും കണ്ടാല്‍ അവരും സ്വപ്‌നം കാണുകയാണോ എന്ന് തോന്നിപ്പോവും. നാസാരന്ധ്രങ്ങളെ ത്രസിപ്പിക്കുന്ന വിചിത്രമായ ഒരു മണത്തിന്റെ സാന്നിധ്യം അപ്പോഴാണ് ഞാനറിയുന്നത്.

 

RELATED NEWS

Leave a Reply