ഹാവിയെര്‍ മരിയാസ്

article

ഇന്ന് സ്പെയിനിലെ വിഖ്യാതരായ എഴുത്തുകാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ഹാവിയെര്‍ മരിയാസ്. യൂറോപ്പിലെ വായനക്കാര്‍ക്ക് അദ്ദേഹം ഒരു ഹരമാണ്. തന്റെ പതിനൊന്നില്‍പരം നോവലുകളും ചെറുകഥാസമാഹാരങ്ങളും പ്രബന്ധങ്ങളും പിന്നെ ഇംഗ്ലീഷ്ഭാഷയില്‍നിന്ന് സ്പാനിഷിലേക്ക് തര്‍ജമ ചെയ്ത അനേകം കൃതികളും ഒക്കെ ഈ എഴുത്തുകാരനെ സ്പാനിഷ് വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാക്കുന്നു. മരിയാസിന്റെ നോവലുകള്‍ നാല്‍പ്പതോളം ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്, അഞ്ചുദശലക്ഷത്തില്‍പരം കോപ്പികള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞ അദ്ദേഹത്തിന്റെ കൃതികള്‍ അധികം വൈകാതെ ഒരു നൊബേല്‍ സമ്മാനം സ്പാനിഷ് ഭാഷയ്ക്ക് എത്തിക്കും എന്ന് ഉറച്ചുവിശ്വസിക്കുന്നു ആ നാട്ടുകാര്‍.ഒരേസമയം പാരമ്പര്യസമ്പ്രദായങ്ങളില്‍ ഊന്നി നൂതനരീതികള്‍ അവലംബിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി ഏറെ ഹൃദ്യമാണ്. അതുപോലെതന്നെയാണ് മരിയാസിന്റെ കഥാപാത്രങ്ങളും. മിതഭാഷിത്വവും എന്നാല്‍ വര്‍ണപ്പകിട്ടും ഒരേപോലെ സമന്വയിപ്പിക്കാന്‍കഴിയുന്ന, അങ്ങേയറ്റം കൗതുകം ജനിപ്പിക്കുന്ന, നമ്മള്‍ എന്നും കാണുമെങ്കിലും, ശ്രദ്ധിക്കാതെപോകുന്ന സാധാരണക്കാരുടെ ഇടയില്‍നിന്ന് ചില അപൂര്‍വ മനുഷ്യര്‍. ഇവര്‍ മിഥ്യയ്ക്കും യാഥാര്‍ഥ്യത്തിനും നടുവില്‍ നേര്‍ത്തലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന ഏതോ ദ്വീപുകളില്‍ ഇടയ്ക്ക് അകപ്പെടും. അവിടെയാണ് മരിയാസിന്റെ കഥകളുടെ തുടക്കം. സത്യത്തെ തേടി അവരുടെ സ്മൃതികളില്‍ അലയുന്ന വായനക്കാര്‍ കാലം നിശ്ചലമാകുന്നതും കഥ കഥനമാകുന്നതും തിരിച്ചറിയുന്നു.ആ നിര്‍വൃതിയാണ് ഓരോ മരിയാസ് കൃതിയും നമുക്ക് നല്‍കുന്നത്. ഫ്രാങ്കോയുടെ ഭീകര ഭരണകാലത്ത് കൗമാരത്തിലേക്ക് കാലൂന്നിയ മരിയാസ് പ്രത്യക്ഷത്തില്‍ തന്റെ കഥകളില്‍ രാഷ്ട്രീയം കൊണ്ടുവരാറില്ല എന്ന ആരോപണം ഉണ്ട്. എന്നാല്‍, സ്പാനിഷ് ചരിത്രത്തിലെ ആ ഇരുണ്ട ഏടും ഫ്രാങ്കോയും സ്പാനിഷ് ആഭ്യന്തരയുദ്ധവും ഒക്കെത്തന്നെ വരികള്‍ക്കിടയിലെ നിഴലാട്ടങ്ങളായി നമുക്ക് കാണാം. മരിയാസിന്റെ പന്ത്രണ്ടാമത്തെ നോവല്‍ ആണ് “ദി ഇന്‍ഫാച്വേഷന്‍സ’് (ആസക്തികള്‍). ഒരു സ്ത്രീകഥാപാത്രത്തിലൂടെ അനാവരണംചെയ്യപ്പെടുന്ന കഥ പ്രണയത്തെക്കുറിച്ചുള്ള ശാന്തമായ അവലോകനമാണ്. വികാരവിക്ഷോഭങ്ങളില്ലാത്ത അതിതീവ്രമായ ഭാഷ കടമെടുക്കാതെ തീര്‍ത്തും യുക്തിഭദ്രമായ ഒരു പ്രണയമീമാംസ. നമ്മള്‍ പലപ്പോഴും പ്രണയത്തില്‍ വീണുപോകുന്നു, പ്രണയം നമ്മളെ എപ്പോഴും ഉയര്‍ത്തണമെന്നില്ല.ഓരോ പ്രണയത്തിലും ഒരു വിധിയുടെ അംശം ഉണ്ട്, കാരണം അവിചാരിതമായ കണ്ടുമുട്ടലുകള്‍, പ്രണയം മൊട്ടിട്ട സന്ദര്‍ഭങ്ങള്‍, സ്ഥലം, കാലം, വര്‍ഗം, ചരിത്രം ഇവയൊക്കെത്തന്നെ നമ്മുടെ പ്രണയത്തെ സ്വാധീനിക്കുന്നുണ്ട്. ഒരേസമയം പ്രണയത്തിന്റെ വിവരണവും വിശകലനവും നടത്തുന്നു മരിയാസ്. പ്രണയവും രതിയും മരണവും കൂടിക്കുഴഞ്ഞുകിടക്കുന്ന ഈ പുസ്തകം സ്പെയിനില്‍മാത്രം രണ്ടുലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു, ധാരാളം ദേശീയപുരസ്കാരങ്ങളും കരസ്ഥമാക്കി. മാതൃകാദമ്പതികള്‍ എന്ന് കരുതിയ രണ്ടുപേരില്‍ പുരുഷന്‍ കൊല്ലപ്പെടുമ്പോള്‍ അയാളുടെ പ്രണയിനിയുടെ അവസ്ഥയിലൂടെ മുന്‍പോട്ടുപോകുന്ന കഥ. ആ കഥ പറയുന്നത് ഇരുവരെയും എന്നും ഒരിടത്ത് കണ്ടിരുന്ന മറ്റൊരു സ്ത്രീ. അങ്ങനെ അത്യന്തം സ്തോഭജനകമായ ഒരു അപസര്‍പ്പക നോവലിന്റെ ആഖ്യാനശൈലി കടംവാങ്ങി നടത്തുന്ന ഈ പ്രണയവിശകലനവും പ്രണയത്തെപ്പോലെ പിടികൊടുക്കാതെ തെന്നിനീങ്ങുന്ന കാഴ്ച നമുക്ക് കാണാം.പ്രണയിക്കണം എന്നാഗ്രഹിക്കുന്നവരും പ്രണയം ഇല്ലാത്തവരും പ്രണയം അഭിനയിക്കുന്നവരും പ്രണയം കാംക്ഷിച്ചു കിട്ടാതെപോകുന്നവരും പ്രണയത്തെ നിരാകരിക്കുന്നവരും- അങ്ങനെപോകുന്നു ഈ കൃതിയിലെ കഥാപാത്രങ്ങള്‍. തിന്മയുടെ ഏറ്റവും വികൃതമായ മുഖം പുറത്തുവരുന്നത് പ്രണയിക്കുന്നവരെ കാണുമ്പോഴാണ്, വിഷം നെഞ്ചിലിട്ടുനീറ്റുന്നത് പലപ്പോഴും പ്രണയികളുടെ ശത്രുക്കള്‍ അല്ല മറിച്ച് സുഹൃത്തുക്കള്‍ ആകും. ഒരു നോവല്‍ വായിച്ചുകഴിഞ്ഞ് നമ്മള്‍ അത് മറന്നുപോയേക്കാം. എന്നാല്‍, ആ വായന തുറന്നിടുന്ന അനേകം ചിന്തകളും സാധ്യതകളും പ്രചോദനങ്ങളും ഉണ്ട്. അവയാണ് ഒരു കൃതിയുടെ മഹത്വം നിര്‍ണയിക്കുന്നത്. ഷേക്സ്പിയര്‍ മുതല്‍ ഹാവിയെര്‍ മരിയാസ് വരെ നമുക്ക് കാട്ടിത്തരുന്നത് വെറും ഒരു കൊലപാതകകഥപോലും മഹാനായ എഴുത്തുകാരന് ഉദാത്തമായ സാഹിത്യകൃതിയാക്കിമാറ്റാം എന്നുള്ളതാണ്. മാര്‍ഗരെറ്റ് കോസ്റ്റയുടേതാണ് ഇംഗ്ലീഷ് വിവര്‍ത്തനം. പെന്‍ഗ്വിന്‍ ആണ് പ്രസാധകര്‍.

RELATED NEWS

Leave a Reply