ചലച്ചിത്രതാരം സയിദ് ജാഫ്രി അന്തരിച്ചു

cinema

പ്രമുഖ ബ്രിട്ടീഷ്, ഹിന്ദി ചലച്ചിത്രതാരം സയിദ് ജാഫ്രി (86) അന്തരിച്ചു. ഗാന്ധി, എ പാസേജ് ടു ഇന്ത്യ, ദി ഫാര്‍ പവലിയണ്‍സ്, മൈ ബ്യൂട്ടിഫുള്‍ ലൗഡ്രേറ്റ് തുടങ്ങിയ ശ്രദ്ധേയങ്ങളായ ചിത്രങ്ങളില്‍ വേഷമിട്ട ജഫ്രി ഗാങ്‌സ്‌റ്റേഴ്‌സ്, ദി ജുവല്‍ ഇന്‍ ദി ക്രൗണ്‍, തന്തൂരി നൈറ്റ്‌സ്, ലിറ്റില്‍ നെപ്പോളിയന്‍സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. മൂന്ന് തവണ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.  മസാലയിലെ അഭിനയത്തിന് മികച്ച നടനുള്ള 1991ലെ ജീനി അവാര്‍ഡും ലഭിച്ചു. നാടകവേദിക്കുള്ള സംഭാവനയുടെ പേരില്‍ കനേഡിയന്‍ അക്കാദമി അവാര്‍ഡ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനും ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനുമാണ് ജഫ്രി. ഷോണ്‍ കോണ്‍റി, മൈക്കല്‍ കെയ്ന്‍, പിയേഴ്‌സ് ബ്രോസ്‌നന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം സിനിമകളില്‍ വേഷമിട്ടു. സത്യജിത്ത് റേ, ജെയിംസ് ഐവറി, റിച്ചാര്‍ഡ് ആറ്റണ്‍ബറോ എന്നിവരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഷെയ്ക്‌സ്പിയര്‍ നാടകങ്ങളുമായി അമേരിക്കയില്‍ പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ നടനാണ് ജഫ്രി. അകാശവാണിയുടെ റേഡിയോ ഡയറക്ടറായും ഇന്ത്യന്‍ സര്‍ക്കാരിന്റെ യു.എസ്. ഓഫീസിലെ പബ്ലിസിറ്റി ആന്‍ഡ് അഡവര്‍ടൈസിങ് വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ യൂണിറ്റി തിയ്യറ്റര്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു ജഫ്രിയുടെ നാടകരംഗത്തെ തുടക്കം. ടെന്നിസി വില്ല്യംസിന്റെ ക്രിസ്റ്റഫര്‍ ഫ്രൈയായിരുന്നു ആദ്യ സംരംഭം. പിന്നീട് ഷെയ്ക്‌സ്പിയര്‍ കൃതികള്‍ അരങ്ങെത്തെത്തിച്ച് ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ നിന്ന് പരിശീലനം നേടിയശേഷം ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പില്‍ യു.എസിലെത്തി. അവിടെ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ നിന്ന് നാടകത്തില്‍ രണ്ടാമത്തെ പി.ജി. ഡിഗ്രി കരസ്ഥമാക്കി. ചലച്ചിത്രതാരം മധുര്‍ ജഫ്രിയായിരുന്നു ഭാര്യ. മീര, സിയ, സാകിന ജഫ്രി എന്നിവര്‍ മക്കളാണ്.

 

RELATED NEWS

Leave a Reply