പുരസ്‌കാരം തിരിച്ചുകൊടുക്കുന്നത് പാഴ്‌വേല കമല്‍ഹാസന്‍

cinema

രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ പേരില്‍ പ്രതിക്കൂട്ടിലായ ബി.ജെ.പി.ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അപ്രതീക്ഷിത കോണില്‍നിന്ന് പിന്തുണ. അസഹിഷ്ണുത ഇന്ത്യയില്‍ എല്ലാകാലത്തും ഉണ്ടായിരുന്നെന്നും, അതിന്റെപേരില്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് പാഴ്‌വേലയാണെന്നും നടന്‍ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.   ‘1947ലും അസഹിഷ്ണുത ഉണ്ടായിരുന്നു. അതുകൊണ്ടാണ് രാജ്യം രണ്ടായത്’  പുതിയ ചിത്രം ‘ചീകതി രാജ്യ’ത്തിന്റെ പ്രചാരണത്തിനായി ഹൈദരാബാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമല്‍ പറഞ്ഞു. ‘പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത്, നിങ്ങള്‍ക്ക് സ്‌നേഹത്തോടെ അത് തന്നവരെയും സര്‍ക്കാറിനെയും അപമാനിക്കലാണ്. ഞാന്‍ പറയുന്നത് അവര്‍ കണക്കിലെടുക്കില്ലായിരിക്കാം, പക്ഷേ, അവര്‍ പൊട്ടിത്തെറിക്കരുത്, അവര്‍ കുറച്ചുകൂടി സഹിഷ്ണുത കാണിക്കണം’  പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്ത സാഹിത്യചലച്ചിത്രകാരന്മാരെ അദ്ദേഹം ഉപദേശിച്ചു. അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ടം ഒരു പാര്‍ട്ടിയെ ലക്ഷ്യമിട്ടാകുന്നതിനോടും യോജിപ്പില്ല. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഇത്തരം കാര്യങ്ങള്‍ നാം ചര്‍ച്ചചെയ്യണം  അദ്ദേഹം വ്യക്തമാക്കി. ഏതുതരത്തിലുള്ള അസഹിഷ്ണുതയും രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞദിവസം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. താന്‍ പുരസ്‌കാരം തിരിച്ചുകൊടുക്കുന്നില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരോട് ആദരവുണ്ടെന്നും ഖാന്‍ വ്യക്തമാക്കി.  മോദിയുടെ കാലം അടിയന്തരാവസ്ഥയേക്കാള്‍ മോശമാണെന്ന് പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ രാജേഷ് ജോഷി അഭിപ്രായപ്പെട്ടു. രണ്ടാംതരം ആള്‍ക്കാരെക്കൊണ്ട് ബുദ്ധിജീവികളെ വരുതിക്കുനിര്‍ത്താന്‍ ശ്രമിക്കുകയാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED NEWS

Leave a Reply