മുംബൈക്കുമേല്‍ ഗോവയുടെ ഗോള്‍മഴ>>

sports

മുംബൈ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത ഏഴു ഗോളിന് നിലംപരിശാക്കി സീക്കോ എഫ്സിയുടെ ഗോവ കുതിച്ചു. ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് നിക്കോളാസ് അനെല്‍ക്കയുടെ സംഘത്തിനുമേല്‍ ഗോവ നേടിയത്. ഫത്തോര്‍ദ സ്റ്റേഡിയത്തില്‍ മുംബൈ ചാരമായിപ്പോയി. ഇരട്ട ഹാട്രിക്കാണ് പിറന്നത്. തോങ്കോസിയെം ഹയോകിപ്പും ഡുഡുവും ഹാട്രിക് നേടി. ഏഴാമത്തെ ഗോള്‍ റെയ്നാള്‍ഡോയുടെ വകയായിരുന്നു. ജയത്തോടെ ഗോവ 10 കളിയില്‍ 18 പോയിന്റുമായി സെമി ഏറെക്കുറെ ഉറപ്പിച്ചു. നനഞ്ഞ പടക്കമായിരുന്നു മുംബൈ. ഗോവയുടെ മുന്നേറ്റത്തിനുമുന്നില്‍ വിളറിനില്‍ക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ പന്തുകിട്ടാതെ വലഞ്ഞു. ഗോവ ആഞ്ഞടിക്കുകയായിരുന്നു. ചിതറിനിന്ന മുംബൈ പ്രതിരോധത്തെ അവര്‍ വട്ടംകളിപ്പിച്ചു. ഡുഡുവും ഹയോകിപ്പും ചേര്‍ന്നുള്ള മുന്നേറ്റം കൊടുങ്കാറ്റുപോല്‍ മുംബൈ ബോക്സില്‍ കടന്നു. എങ്കിലും അരമണിക്കൂര്‍വരെ കാത്തിരിക്കേണ്ടിവന്നു ഗോവയ്ക്ക്. 34-ാം മിനിറ്റില്‍ ഹയോകിപ്പിലൂടെ. ഐഎസ്എലിലെ 100-ാം ഗോളായിരുന്നു അത്. അതൊരു തുടക്കം മാത്രമായിരുന്നു. ഇടവേളയ്ക്കു പിരിയുംമുമ്പ് ലിയോ മൗറയുടെ നീക്കത്തില്‍ ഡുഡുവിന്റെ ഗോള്‍. ഇടവേളയ്ക്കുശേഷം മുംബൈ കൂടുതല്‍ അപമാനിതരായി. അവരുടെ പ്രതിരോധം കെട്ടു. ഗോള്‍വലയ്ക്കു മുന്നില്‍ മുന്‍ ഇന്ത്യന്‍ ഗോളി സുബ്രതോപോളിന്റെ ശ്രമങ്ങളെല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു. 52-ാം മിനിറ്റില്‍ ഹയോകിപ്പിലൂടെ ഗോളടി വീണ്ടും തുടങ്ങി. 10 മിനിറ്റിനുള്ളില്‍ ഡുഡു. നാലു ഗോള്‍ ലീഡ് നേടിയ ഗോവ വീണ്ടും ആഞ്ഞടിച്ചു. ഒരുമിനിറ്റിന്റെ ഇടവേളയില്‍ ഡുഡുവിന് ഹാട്രിക്ക്. 79-ാം മിനിറ്റില്‍ ഹയോകിപ്പും ഹാട്രിക്ക് പൂര്‍ത്തിയാക്കി. പകരക്കാരനായെത്തിയ റെയ്നാള്‍ഡോ മുംബൈയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു.12 പോയിന്റുമായി മുംബൈ ആറാം സ്ഥാനത്താണ്.

RELATED NEWS

Leave a Reply