പൂവത്തൂര്‍ചിറ തോടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു; ശാസ്താം നടപ്പാലം തകര്‍ച്ചാ ഭീഷണിയില്‍

Alappuzha

വള്ളികുന്നം: ഭരണിക്കാവ് -താമരക്കുളം ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള പൂവത്തൂര്‍ചിറ തോടിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. ഇതോടെ തോടിനു കുറുകെ ഇരുപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ശാസ്താംനട പാലം അപകടഭീഷണിയില്‍. പാലത്തിന് സമീപമുള്ള തോടിന്റെ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച ഭിത്തിയാണ് തകര്‍ന്നത്. ഭിത്തിയോടൊപ്പം ശാസ്താംനട -നാമ്പുകുളങ്ങര റോഡിന്റെ ഒരുഭാഗവും തകര്‍ന്ന് പൂവത്തൂര്‍ചിറ തോട്ടിലേക്ക് വീണ നിലയിലാണ്. 50 വര്‍ഷം മുമ്പാണ് ടി.എ. കനാലിന്റെ ഭാഗമായ പൂവത്തൂര്‍ചിറ തോടിന്റെ വശങ്ങള്‍ കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കുകയും തോടിനു കുറുകെ പാലം നിര്‍മിക്കുകയും ചെയ്തത്. കാലപ്പഴക്കം മൂലം പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നു. പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് തകര്‍ന്ന് പാറകള്‍ ഇളകിവീണുകൊണ്ടിരിക്കുന്നു. പാലം തകര്‍ച്ചയിലായ ശേഷം നിരവധി തവണ ഇരുപഞ്ചായത്തുകളും റോഡ് പുനരുദ്ധാരണം നടത്തിയെങ്കിലും പാലത്തെ അവഗണിക്കുകയായിരുന്നു.കറ്റാനം – കണ്ണനാകുഴി റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നതെങ്കിലും പൂവത്തൂര്‍ചിറയുടെ അരികിലൂടെയുള്ള നാമ്പുകുളങ്ങരയില്‍നിന്നുള്ള റോഡ് സംഗമിക്കുന്നതും ഈ പാലത്തിന്റെ അരികിലാണ്. കണ്ണനാകുഴി നിവാസികള്‍ക്ക് കെ.പി. റോഡിലേക്കും കറ്റാനം, ചൂനാട് ഭാഗങ്ങളിലേക്കും എത്താനുള്ള പാതയിലാണ് പാലം.കറ്റാനം, കണ്ണനാകുഴി ഭാഗങ്ങളിലുള്ള ആരാധനാലയങ്ങളിലും സ്‌കൂളുകളിലും എളുപ്പത്തില്‍ എത്താനുള്ള പാതയിലുള്ള പാലം പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. തകര്‍ച്ചയിലായ പാലവും പൂവത്തൂര്‍ചിറ തോടിന്റെ പാര്‍ശ്വഭിത്തികളും അടിയന്തരമായി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

 

RELATED NEWS

Leave a Reply