കുമാരസ്വാമിയിലെ തരിശുപാടങ്ങള്‍ കൃഷിക്കൊരുങ്ങി

Calicut

ഇരുപത്തിയഞ്ച് വര്‍ഷമായി തരിശ്ശായിക്കിടക്കുകയായിരുന്ന വയലില്‍ ഇനി കതിരണിയും കുമാരസ്വാമിയില്‍നിന്ന് പുളിക്കൂല്‍ ക്ഷേത്രത്തിന് സമീപംവരെയുള്ള 25 ഏക്കറോളം വരുന്ന വയലിലാണ് കൃഷിയിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വേനല്‍ക്കാലത്തുപോലും വെള്ളം കെട്ടിക്കിടക്കുന്ന വയലില്‍ സ്ഥലമുടമകള്‍ കൃഷിയിറക്കാന്‍ തയ്യാറാകാതെ നില്‍ക്കുകയായിരുന്നു.ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നാട്ടകാരുടെയും സഹകരണത്തോടെയാണ് കൃഷിയിറക്കാനുള്ള നടപടി തുടങ്ങിയിരിക്കുന്നത്. വാളന്‍പുല്ലും ചെളിക്കെട്ടും മാറ്റി നിലമൊരുക്കല്‍ പുരോഗമിക്കുകയാണ്. കൂടാതെ കൃഷിക്ക് സഹായകരമാവുന്ന നിലയില്‍ ഈ ഭാഗത്തെ അഞ്ച് വാര്‍ഡുകളിലെ തൊഴിലുറപ്പുതൊഴിലാളികള്‍ വയലില്‍ മണ്‍തോട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. 900 മീറ്ററോളം വരുന്ന തോട് നിര്‍മിക്കുന്നതിന് 68 തൊഴിലാളികളാണ് രംഗത്തിറങ്ങിയത്. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം. ഹര്‍ഷവര്‍ധനന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളായ ഗൗരി, പുഷ്പ, ജിതേന്ദ്രനാഥ്, ടി.കെ. സോമനാഥന്‍, കൃഷി ഓഫീസര്‍ രജനി, എ.ഡി.എസ്. അംഗങ്ങള്‍, പ്രദേശവാസികളായ ഷാജി, സന്തോഷ് തുടങ്ങിയവര്‍ ഇതിനായി സജീവമായി ഇടപെടുന്നുണ്ട്.രാമനാട്ടുകരയില്‍നിന്ന് എത്തിച്ച ട്രാക്ടര്‍ ഉപയോഗിച്ച് ദിവസം ഒമ്പതിനായിരം രൂപയോളം ചെലവിട്ടാണ് നിലമൊരുക്കല്‍ നടക്കുന്നത്. നിലം തയ്യാറാക്കി ‘മകരം’ വിത്ത് വിതയ്ക്കാനാണ് ആലോചിക്കുന്നത്. ആദ്യഘട്ട കൃഷിയിറക്കുന്നത് എ.ഡി.എസ്. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന പന്ത്രണ്ട് അംഗങ്ങളുടെ കൂട്ടായ്മയാണ്.കൃഷിവകുപ്പ് നടപ്പിലാക്കുന്ന കോണ്‍ട്രാക്ട് ഫാമിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലമുടമയ്ക്കുകൂടി പ്രയോജനകരമാവുന്ന നിലയിലേക്ക് കൃഷി നടത്തുകയാണ് ലക്ഷ്യം. ഇവിടത്തെ കൃഷി വിജയകരമാവുകയാണെങ്കില്‍ ഈ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ എന്‍ജിനീയറിങ് വിഭാഗം തയ്യാറാണ്.

 

RELATED NEWS

Leave a Reply