സാധാരണ പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കണം : ഏകതാ പ്രവാസി

Ernamkulam

കൊച്ചി: പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക പോലുള്ള സ്ഥാപനങ്ങള്‍ക്ക് സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന് വൈ.എം.സി.എ. ഹാളില്‍ ചേര്‍ന്ന ഏകതാ പ്രവാസി സംസ്ഥാന കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങളറിയാത്തവരാണ് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. രാജ്യത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ ഇടപെടാന്‍ പോലും ഇത്തരം സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ലെന്നു യോഗം ആരോപിച്ചു. സാധാരണക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു. 

പ്രവാസികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, പ്രവാസി മരണപ്പെട്ടാല്‍ ഡെഡ്‌ബോഡി ഫ്രീ ആയി നാട്ടില്‍ എത്തിക്കുക, റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കുക, പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുക, വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുക, ഇന്റര്‍ നാഷണല്‍ ഹെല്‍പ്പ് ഡസ്‌ക്കും ടോള്‍ഫ്രീ നമ്പരും സ്ഥാപിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഏപ്രില്‍ 4ന് ഏകതാ പ്രവാസി ന്യൂഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ സംഘടിപ്പിക്കുന്ന ഉപവാസ സത്യഗ്രഹം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സത്യഗ്രഹ ഉപവാസത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ‘ഏകതാ യാത്ര’ നടത്തും. ഏകതാ പ്രവാസി സംസ്ഥാന പ്രസിഡന്റ് എന്‍.കെ.സാദിഖ് കൊണ്ടോട്ടി ക്യാപ്ടനായ യാത്ര മാര്‍ച്ച് 17 ന് കാസര്‍കോഡ് ആരംഭിച്ച് മാര്‍ച്ച് 26ന് തിരുവനന്തപുരത്ത് സമാപിക്കും. പ്രവാസി പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള തെരുവുനാടകവും യാത്രയ്‌ക്കൊപ്പം അവതരിപ്പിക്കും. ഏകതാ യാത്രയുടെ വിജയത്തിനായി 101 അംഗ സമിതിക്ക് രൂപം നല്‍കി. ഏകതാ പ്രവാസി ദേശീയ ചെയര്‍മാന്‍ റഹിം ഒലവക്കോട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
എന്‍.കെ.സാദിഖ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ എബി ജെ. ജോസ്, ശ്രീജിത്ത് ആര്‍ പുളിക്കല്‍, നിഷ സ്‌നേഹകൂട്, സാംജി പഴേപറമ്പില്‍, ജലാലുദ്ദീന്‍ കണ്ണൂര്‍, റെജി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏകതാ പ്രവാസി കേരള സംസ്ഥാന ഘടകം എന്‍.കെ.സാദിഖ് കൊണ്ടോട്ടി, ജനറല്‍ സെക്രട്ടറിയായി എബി ജെ. ജോസ് എന്നിവരെ തെരഞ്ഞെടുത്തു. നിഷ സ്‌നേഹകൂട് (വൈസ് പ്രസിഡന്റ്), ദുര്‍ഗ എറണാകുളം, അഡ്വ. മറിയാമ്മ തോമസ് (ജോയിന്റ് സെക്രട്ടറി), ഹരികുമാര്‍ കെ.പി.(ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

RELATED NEWS

Leave a Reply