സ്‌കൂളിലേക്കുള്ള വഴിമുടക്കി വനം വകുപ്പിന്റെ കെട്ടിടനിര്‍മ്മാണം

Idukki

മാങ്കുളം: പട്ടികജാതി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയത്തിലേക്കുള്ള വഴിമുടക്കി വനം വകുപ്പിന്റെ കെട്ടിട നിര്‍മ്മാണം. വിരിപാറ അങ്കണ്‍വാടിക്ക് സമീപത്തെ ഏകാധ്യാപക വിദ്യാലയത്തിന്റെ മുന്നിലാണ് നിര്‍മ്മാണം നടക്കുന്നത്. ഇതോടെ സ്‌കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. സ്‌കൂള്‍ അധ്യാപികയും നാട്ടുകാരും മാങ്കുളം ഗ്രാമപ്പഞ്ചായത്തില്‍ പരാതിനല്‍കി. അടുത്തദിവസം ആര്‍.ഡി.ഒ.ക്കും ജില്ലാ കളക്ടര്‍ക്കും പരാതിനല്‍കും. 1999ല്‍ സര്‍വശിക്ഷാ അഭിയാന്‍ നേതൃത്വത്തിലാണ് വിരിപാറയില്‍ ഏകാധ്യാപക വിദ്യാലയം തുടങ്ങുന്നത്. 2001ല്‍ ഗ്രാമപ്പഞ്ചായത്ത് സ്‌കൂള്‍ ആവശ്യത്തിന് ഒരേക്കര്‍ സ്ഥലം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി. ഇതനുസരിച്ച് ആദ്യം മൂന്നുസെന്റ് സ്ഥലംനല്‍കി. ഇതിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 20 എസ്.സി കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ പഠിക്കുന്നുണ്ട്. 10 കിലോമീറ്റര്‍ പരിധിയില്‍ വേറെ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ 201213 വര്‍ഷം സര്‍ക്കാര്‍ സ്‌കൂളിനെ സര്‍ക്കാര്‍എല്‍.പി സ്‌കൂളായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഒരേക്കര്‍ സ്ഥലം ഉണ്ടെങ്കില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് അടുത്തിടെ വനംവകുപ്പ് കെട്ടിടനിര്‍മ്മാണം ആരംഭിച്ചത്. ഡി.എഫ്.ഒ. ഓഫീസിനുസമീപം സ്‌കൂളിന് മുന്നിലൂടെയാണ് വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നത്. തങ്ങളുടെ സ്ഥലമാണെന്ന നിലപാടിലാണ് വനംവകുപ്പ്. നിര്‍മ്മാണം തുടങ്ങിയതോടെ സ്‌കൂളിലേക്ക് കുട്ടികള്‍ക്ക് വരാന്‍പറ്റാത്ത സ്ഥിതിയായി. ജെ.സി.ബി. ഉപയോഗിച്ച് വഴി കീറുകയുംചെയ്തു. കഴിഞ്ഞദിവസം ഇവിടെ ഒരുകുട്ടിക്ക് വീണു പരിക്കേറ്റുവെന്നും പറയുന്നു. ഏകാധ്യാപക വിദ്യാലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എല്‍.പി. സ്‌കൂളായി ഉയര്‍ത്താന്‍ ഒരേക്കര്‍ സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. മാങ്കുളം ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ ഒരു ഹൈസ്‌കൂള്‍ മാത്രമാണുള്ളത്. പിന്നെയൊരു സര്‍ക്കാര്‍ എല്‍.പി. സ്‌കൂളും. വിരിപാറയില്‍ എല്‍.പി. സ്‌കൂള്‍ വന്നാല്‍ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനം കിട്ടും.

 

RELATED NEWS

Leave a Reply