എ ടി എം തകർത്ത്കവർച്ച ;4 ലക്ഷം രൂപ നഷ്ട്ടമായതായി റിപ്പോർട്ട്

Kottayam

കോട്ടയം : ചെങ്ങന്നൂര്‍ നഗരത്തിലെ എ. ടി. എം കൗണ്ടര്‍ കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കവര്‍ച്ച. ചെറിയനാട് പടനിലം ജംഗ്ഷനിലുള്ള എസ്. ബി. ഐ എ.ടി.എമ്മിലാണ് കവര്‍ച്ച നടന്നത്. പിന്‍ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചു മാറ്റിയാണ് നാല് ലക്ഷത്തോളം രൂപ കവര്‍ന്നത്. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ചുറ്റും കടകളുള്ള സ്ഥലത്താണ് എ.ടി.എം സ്ഥിതി ചെയ്യുന്നത്. അടുത്ത് വീടോ രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ ഇല്ല. ഈ കെട്ടിടങ്ങളുടെ ഉടമ താമസിക്കുന്ന ഒരു വീട് മാത്രമാണ് ഈ ജംഗ്ഷനിലുള്ളത്. പുലര്‍ച്ചേ എ.ടി.എം കൗണ്ടറിന്റെ ഷട്ടര്‍ അടച്ച നിലയില്‍ കണ്ട കെട്ടിട ഉടമ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്ന കാര്യംഅറിയുന്നത്. ഉടന്‍ തന്നെ ബാങ്ക് മാനേജരെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. മാനേജര്‍ അറിയിച്ചതനുസരിച്ച്‌ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ. ശിവസുധന്‍ പിള്ള, സി.ഐ ദിലീപ് ഖാന്‍ എസ്.ഐ സുദിന്‍ ലാല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

തെളിവുകളൊന്നു അവശേഷിപ്പിക്കാതെയാണ് സംഘം കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എ.ടി.എം കൗണ്ടറില്‍ രണ്ട് സി.സി ടി.വി കാമറകളാണുള്ളത്. ഇതില്‍ ഒരെണ്ണത്തിന്റെ ബന്ധം വിച്ഛേദിച്ച നിലയിലാണ്. രണ്ടാമത്തെ കാമറയില്‍ പ്രതികളുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ വരികയാണ്.ആലപ്പുഴയില്‍ നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഈ കൗണ്ടറില്‍ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായി ബാങ്ക് മാനേജര്‍ പറഞ്ഞു. ആറ് ലക്ഷം രൂപയോളം ഇടപാടുകാര്‍ കൈപ്പറ്റിയതായി രേഖകളുണ്ട്. ബാക്കി പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തിന്റെ പിന്നില്‍ പ്രഫഷണല്‍ സംഘമാണെന്നാണ് പൊലീസ് നിഗമനം. മോഷണം പോയ നോട്ടിന്റെ സീരിയല്‍ നമ്പറുകളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതേസമയം, കായംകുളം കരിയിലക്കുളങ്ങരയിലെ എ.ടി.എം കൗണ്ടറിലും സമാനമായ രീതിയില്‍ മോഷണ ശ്രമം നടന്നതായി അറിയുന്നു. രണ്ട് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. നാല് മാസം മുൻപ് ചെങ്ങന്നൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ കവര്‍ച്ച നടന്നിരുന്നു. എന്നാല്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

RELATED NEWS

Leave a Reply