ദേശീയോദ്ഗ്രഥന സന്ദേശവുമായി മൊബൈല്‍ ആപ്

Kottayam

കോട്ടയം: ദേശീയോദ്ഗ്രഥന സന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ‘മൊബൈല്‍ ആപ്’ തയ്യാറാക്കിയതായി ചെയര്‍മാന്‍ എബി ജെ. ജോസ് അറിയിച്ചു. ‘ഇന്‍ഡ്യന്‍ ഫ്‌ളാഗ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് വെര്‍ഷനാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആപ്പിള്‍ വെര്‍ഷന്‍ താമസിക്കാതെ ലഭ്യമാക്കും.
ഇരുപത് ടാബുകളിലായിട്ടാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ വിവരങ്ങള്‍, മഹാത്മാഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടമകളും അവകാശങ്ങളും എന്ന ടാബില്‍ പൗരത്വം, ഭരണഘടന, അവകാശങ്ങള്‍, കടമകള്‍ എന്നിവ ക്രോഡീകരിച്ചിരിക്കുന്നു. ദേശീയപതാക, ദേശീയപതാകയുടെ ചരിത്രം, ദേശീയപതാക ഉദ്പാദന കേന്ദ്രം, മിഷന്‍ഫ്‌ളാഗ് പദ്ധതി, ദേശീയഗാനം, ദേശീയഗീതം, ദേശീയ ചിഹ്നങ്ങള്‍ എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ദേശീയപതാകയുടെയും ഉപയോഗക്രമങ്ങളും ഇതു സംബന്ധിച്ചുള്ള നിയമങ്ങളായ ഫ്‌ളാഗ് കോഡ്, നാഷണല്‍ ഹോണര്‍ ആക്ട്, സ്റ്റേറ്റ് എംബ്ലം ആക്ട് മുതലായവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
രാഷ്ട്രപതി മുതല്‍ എം.എല്‍.എ. മാര്‍ വരെയുള്ളവരുടെ വിവരങ്ങളും മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാര്‍ തുടങ്ങിയവരുടെ വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. സിവിലിയന്‍ അവാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. ഭാരതചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അതതുദിവസം ഈ ആപ്ലിക്കേഷനില്‍ അപ്‌ഡേറ്റു ചെയ്യും. കൂടാതെ ദേശീയ പ്രതീകങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നത് അറിയിക്കുന്നതിനും മറ്റുമായി മെസേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയശേഷം വിവരങ്ങള്‍ അയയ്ക്കാനാണ് ഈ സംവിധാനം.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ ദേശീയതയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി ആരംഭിച്ച ‘മിഷന്‍ ഫ്‌ളാഗ്’ പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫ്‌ളാഗ് അംബാസിഡര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ സമ്മാനിക്കും. ഇതിന്റെ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന തോട്ട് റിപ്ലീസ് ടെക്‌നോളജീസ് ആണ് ആപ്ലിക്കേഷന്‍ ഡെവലപ് ചെയ്തിട്ടുള്ളത്. ഇത്രയും വിവരങ്ങള്‍ ക്രോഡീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ആപ്ലിക്കേഷനാണ് ‘ഇന്‍ഡ്യന്‍ ഫ്‌ളാഗ്’ എന്ന് എബി ജെ. ജോസ് അവകാശപ്പെട്ടു.

RELATED NEWS

Leave a Reply