ഒടുവിൽ തീരുമാനം!; ജില്ല ആശുപത്രിയിലെ മാതൃ- ശിശു ബ്ലോക്ക് 18ന് തുറക്കും

Malappuram

പെരിന്തൽമണ്ണ: ഉദ്‌ഘാടനം കഴിഞ് വർഷം ഒന്ന് പിന്നിട്ടിട്ടും ജീവനക്കാരുടെ കുറവ് മൂലവും സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം അടഞ്ഞുകിടക്കുന്ന ജില്ല ആശുപത്രിയിലെ പുതിയ മാതൃ- ശിശു ബ്ലോക്ക് ഈ മാസം 18ന് തുറക്കാൻ ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലും അടഞ്ഞുകിടക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ബ്ലോക്ക് തുറന്ന് പ്രവർത്തിക്കാൻ പോകുന്നത്.

തുടക്കത്തിൽ സ്ത്രീകളുടെയും കുട്ടികളുടേയു ഐ.പി മാത്രമാണ് തുടങ്ങുന്നത്. ബ്ലോക്ക് പ്രവർത്തനസജ്ജമാക്കുന്നതിന് ആവശ്യമായ 10 നേഴ്സിങ് ജീവനക്കാരിൽ നാലുപേരെ എൻ.എച്ച്.എം നൽകി. നാലുപേരെ ജില്ല മെഡിക്കൽ ഓഫീസറുടെ നിർദേശമനുസരിച്ച് നൽകും. രണ്ടുപേരെ എച്ച്.എം.സി വഴി നിയമിക്കും. അനസ്തറ്റിസ്റ്റിനെയും ഒരു ഫാർമസിസ്റ്റിനെയും നിയമിക്കും. പ്രവർത്തനം തുടങ്ങിയ ശേഷം ആരോഗ്യ മന്ത്രിയെ പങ്കെടുപ്പിച്ച് ഉദ്ഘാടനം സംഘടിപ്പിക്കുന്നതിന് മഞ്ഞളാം കുഴി അലി എംഎം.എൽ.എ, വി.രമേശൻ എന്നിവരെ ചുമതലപ്പെടുത്തി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. മഞ്ഞളാംകുഴി അലി എം.എൽ.എ, വി.സുധാകരൻ, ഉമർ അറക്കൽ, വി.രമേശൻ, എ.ശിവദാസൻ, എ.കെ നാസർ, ഹംസ പാലൂർ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജി, ഡോ. അബൂബക്കർ തയ്യിൽ, മുരളി തുടങ്ങിയവർ പങ്കെടുത്തു.

RELATED NEWS

Leave a Reply