തിരുനാവായ സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതി ഉദ്ഘാടനം ആറിന്

Malappuram
തിരുനാവായയ്ക്കും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് ആറിന് രാവിലെ ഒമ്പതിന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. പട്ടര്‍നടക്കാവിലെ തിരുനാവായ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനാവും.  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., എം.എല്‍.എമാരായ സി. മമ്മൂട്ടി, അബ്ദുസമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, ജലഅതോരിറ്റി മാനെജിങ് ഡയറക്ടര്‍ അജിത് പട്ടില്‍ എന്നിവര്‍ സംസാരിക്കും.
20 വര്‍ഷത്തോളമായി ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. തിരുനാവായ, ആതവനാട്, മാറാക്കര, കുറ്റിപ്പുറം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.  മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറം എം.എല്‍.എ.യായിരിക്കെയാണ് 42 കോടി കേന്ദ്രഫണ്ടണ്‍് ലഭ്യമാക്കി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അന്നത്തെ ജലസേചന മന്ത്രി ടി.എം.ജേക്കബ്  പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു.
കുട്ടികളത്താണിയില്‍ 12 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണപ്ലാന്റ്, 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല സംഭരണി, കാടാമ്പുഴ മലയില്‍ 21 ലക്ഷം ലിറ്റര്‍ ജലസംഭരണി, തിരുന്നാവായ താഴത്തറയില്‍ 4.35 ലക്ഷം ചെലവില്‍ ജലസംഭരണി, കുറ്റിപ്പുറം നിരപ്പില്‍ ആറ് ലക്ഷം ലിറ്റര്‍ സംഭരണി എന്നിവയാണ് നിര്‍മിച്ചിട്ടുളളത്. 200 ലധികം കിലോമീറ്ററില്‍ ദൂരത്തിലായി പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. വെള്ളം പമ്പ് ചെയ്യുന്നതിനായി 230 എച്ച്.പി.യുടെ രണ്‍ണ്ട് മോട്ടോറുകളാണ് പ്രവര്‍ത്തിപ്പിക്കുക. വിവിധ ഘട്ടങ്ങളിലായി  62 കോടിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.

RELATED NEWS

Leave a Reply