പൊതുജനങ്ങള്‍ പാരലല്‍ സര്‍വീസുകള്‍ യാത്രയ്ക്കായി ഉപയോഗിക്കരുത്.

Malappuram
യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസുകളുള്ള റൂട്ടില്‍ ഓട്ടോറിക്ഷയും ജീപ്പും യാത്രക്കാരെ ബസിന്റെ നിരക്കില്‍ കയറ്റി കൊണ്ടുപോകുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. പൊതുജനങ്ങള്‍ ഇത്തരം പാരലല്‍ സര്‍വീസുകള്‍ യാത്രയ്ക്കായി ഉപയോഗിക്കരുത്. സുരക്ഷിത യാത്രയ്ക്ക് നല്ലത് ബസ് സര്‍വീസ് ആണെന്നതിനാല്‍ പൊതുജനങ്ങള്‍ പാരലല്‍ സര്‍വീസ് പ്രോത്‌സാഹിപ്പിക്കരുത്. ബസ്സില്‍ യാത്രക്കാര്‍ കയറാതിരുന്നാല്‍ ആ റൂട്ട് പെര്‍മിറ്റ് ബസ്് ഉടമകള്‍ സറണ്ടര്‍ ചെയ്യും. ഇത് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കും.  യാത്രാസൗകര്യമുള്ളിടത്ത് പാരലല്‍ സര്‍വീസ് നടത്തിയാല്‍ അത്തരം ഓട്ടോറിക്ഷയുടെ പെര്‍മിറ്റും ഡ്രൈവറുടെ ഡ്രൈവിങ്് ലൈസന്‍സും റദ്ദ് ചെയ്യും. എല്ലാ ജോയിന്റ് ആര്‍.ടി.ഒ.മാര്‍ക്കും അവരവരുടെ പരിധിയില്‍  ഇക്കാര്യം നടപ്പാക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓട്ടോറിക്ഷയില്‍ മൂന്ന് യാത്രക്കാര്‍ക്ക് മാത്രമേ ഇന്‍ഷൂറന്‍സ് കവറെജ് ലഭിക്കൂ. പ്രതിവര്‍ഷം ഒരു ഓട്ടോറിക്ഷ സീറ്റൊന്നിന് 150 രൂപ നികുതി അടയ്ക്കുമ്പോള്‍ ഒരു ബസ് സീറ്റൊന്നിന് 2,400 രൂപയാണ് നികുതി അടയ്ക്കുന്നത്. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കേണ്ടത് ജില്ലയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ഇതിന് ജനങ്ങളുടെ സഹകരണം അനിവാര്യമായതിനാല്‍ ബസ് സൗകര്യമുള്ളിടത്ത് പാരലല്‍ ഓട്ടോറിക്ഷകളും ജീപ്പുകളും ജനങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആര്‍.ടി.ഒ. അഭ്യര്‍ഥിച്ചു.
ബസ്സ് പെര്‍മിറ്റും ഭൂമി കച്ചവടവും തമ്മില്‍ ബന്ധിപ്പിക്കരുത്.
ജില്ലയില്‍ ബസ്സ് പെര്‍മിറ്റ് വലിയ വിലയ്ക്ക് വാങ്ങി 10 ഉം 15 ഉം ലക്ഷവും കൊടുത്ത് ബസ് സര്‍വീസ് നടത്തി വീടും പുരയിടവും നഷ്ടപ്പെട്ട് പാപ്പരായവര്‍ നിരവധിയുണ്ട്. ഗള്‍ഫില്‍ പോയി അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ബസ് സര്‍വീസ് നടത്തി നഷ്ടപ്പെട്ടവരും ധാരാളമുണ്ട്. ഇനി ആര്‍ക്കും ഇതുപോലെ ഒരു അനുഭവം വരരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴും ഭൂമി കച്ചവടവും ബസ് കച്ചവടവും പരസ്പരം ബന്ധിപ്പിച്ച് പല ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കെണിയില്‍പെട്ട് പറമ്പ് വിറ്റ് ബസ് പെര്‍മിറ്റ് വാങ്ങി ആരും സമ്പാദ്യം നഷ്ടപ്പെടുത്തരുത്.
ബസ് ഒരു ബിസിനസ് എന്ന രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നല്ല രീതിയില്‍ സര്‍വീസ് നടത്തുന്ന ബസ് ഉടമകളെ പൊതുഗതാഗത സംവിധാനത്തിന് ആവശ്യമാണ്. അത്തരം ബസ്സ് ഉടമകള്‍ക്ക് വേണ്ട എല്ലാ പ്രോത്‌സാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. ബസ്സ് പെര്‍മിറ്റ് വലിയ സംഖ്യയ്ക്ക് വില്‍ക്കാനുള്ള സാഹചര്യം മോട്ടോര്‍ വാഹന വകുപ്പ് സൃഷ്ടിയ്ക്കില്ല. ഒരു റൂട്ട് നഷ്ടമാണെങ്കില്‍ ആ റൂട്ട് ബസ് ഉടമയ്ക്ക് സറണ്ടര്‍ ചെയ്യാം. ആ റൂട്ടില്‍ ബസ്സ് ഓടിക്കാന്‍ നിയമാനുസരണം പരിഗണിക്കാന്‍ കഴിയുന്ന അപേക്ഷകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി താത്കാലിക പെര്‍മിറ്റ് നല്‍കും. ജില്ലയിലെ നല്ല ബസ് ഓപറേറ്റര്‍മാരെ പുതിയ പെര്‍മിറ്റ് തുടങ്ങാന്‍ എല്ലാ തരത്തിലും പ്രോത്‌സാഹിപ്പിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
ട്രോമാ കെയര്‍ ഡാറ്റാ ബാങ്ക്: ഡ്രൈവര്‍മാരെ ലഭ്യമാക്കും
ട്രോമാ കെയര്‍ വൊളന്റിയര്‍മാര്‍ മലപ്പുറം ജില്ലയിലെ ഓരോ പൊലീസ് സ്‌റ്റേഷന്റെ കീഴിലും സജീവമായി റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. മമ്പാട് അപകടമുണ്ടായ അവസരത്തില്‍ ട്രോമാ കെയറിന്റെ സേവനം വളരേയധികം സ്തുത്യര്‍ഹമായിരുന്നു. ശമ്പളാടിസ്ഥാനത്തില്‍ വേതനം നല്‍കുമ്പോള്‍ ആവശ്യത്തിന് ഡ്രൈവര്‍മാരെ കിട്ടാതെ വന്നാല്‍ ബസ് ഉടമകള്‍ക്ക് ട്രോമകെയറിന്റെ ഡ്രൈവര്‍മാരുടെ ഡാറ്റാബാങ്കിനെ ആശ്രയിക്കാം. ടെലഫോണ്‍ മുഖേനെ ബന്ധപ്പെട്ടാല്‍ ഡ്രൈവര്‍മാരെ നിയോഗിക്കുമെന്ന് ട്രോമകെയര്‍ പ്രസിഡന്റ് അറിയിച്ചു.

RELATED NEWS

Leave a Reply